പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 1000 ലിറ്റര് അനധികൃത മദ്യം കാണാനില്ല; എലി കൊണ്ടുപോയെന്ന് പോലീസ്

ബറെയ്‌ലി: പിടിച്ചെടുത്ത് പോലീസ് സ്റ്റേഷനിലെ സ്റ്റോര് റൂമില് സൂക്ഷിച്ചിരുന്ന 1000 ലിറ്റര് അനധികൃത മദ്യം കാണാനില്ല. എലികള് കുടിച്ചു തീര്ത്തെന്നാണ് സ്റ്റേഷനിലെ പോലീസുകാര് അവകാശപ്പെടുന്നത്. ഉത്തര് പ്രദേശിലെ ബറെയ്ലി കന്റോണ്മെന്റ് പോലീസ് സ്റ്റേഷനിലാണ് സംഭവം. പ്ലാസ്റ്റിക് ക്യാനുകളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. ഇവയില് ചില ക്യാനുകളും അപ്രത്യക്ഷമായിട്ടുണ്ട്. ശേഷിക്കുന്ന ഒഴിഞ്ഞ ക്യാനുകളില് ദ്വാരങ്ങളും കാണാമെന്നാണ് റിപ്പോര്‍ട്ട്.
വലിയ കൂട്ടം എലികളാണ് പോലീസ് സ്‌റ്റേഷനില്‍ കയറി മദ്യം അടിച്ചു മാറ്റിയതെന്ന് പോലീസ് പറയുന്നു. അതേസമയം വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് എസ്പി അഭിനന്ദന്‍ സിങ്. എലികളാണോ മദ്യം തീര്‍ത്തതെന്ന് സ്ഥിരീകരിക്കാനാണ് നിര്‍ദേശം. ആ എലികളെ തീര്‍ച്ചയായും പിടിക്കുമെന്നും സ്റ്റോര്‍ മുറിയില്‍ അവ മേലില്‍ പ്രവേശിക്കില്ലെന്നും സിങ് പറഞ്ഞു.
എത്ര ലിറ്റര്‍ മദ്യമാണ് കാണാതായതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. എന്നാല്‍ 1000 ലിറ്ററോളം വരുമെന്നാണ് സ്‌റ്റേഷനിലെ കണക്ക്. പുതുതായി ചാര്‍ജെടുത്ത ഹെഡ് ക്ലര്‍ക്ക് സ്റ്റോര്‍ മുറി പരിശോധിച്ചപ്പോളാണ് മദ്യം നിറച്ച ക്യാനുകള്‍ ഒഴിഞ്ഞു കിടക്കുന്നത് കണ്ടെത്തിയത്. എലികള്‍ ഓടിപ്പോകുന്നത് ക്ലര്‍ക്ക് കണ്ടതായും എസ്പി പറഞ്ഞു.
സാധാരണ മട്ടില്‍ പിടിച്ചെടുക്കുന്ന അനധികൃത മദ്യം ഔദ്യോഗിക ആവശ്യങ്ങള്‍ക്കായുള്ള സാംപിള്‍ സൂക്ഷിച്ച ശേഷം നശിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഈ സ്റ്റേഷനില്‍ കണ്ടെത്തിയത് പത്തു വര്‍ഷത്തിനു മേല്‍ പഴക്കമുള്ള മദ്യമാണ്. ഇത് ഇത്രയും കാലം സൂക്ഷിച്ചത് എന്തിനാണെന്ന കാര്യവും വ്യക്തമല്ല.