ഇന്റര്‍നെറ്റ് ബാങ്കിംഗ് ഇടപാടുകള്‍ക്ക് ഇനിമുതല്‍ സര്‍വീസ് ചാര്‍ജില്ല; എടിഎം നിരക്കുകള്‍ പുനഃപരിശോധിക്കും
ന്യൂഡല്‍ഹി: നെറ്റ് ബാങ്കിംഗ് ഇടപാടുകള്ക്ക് നിലവിലുള്ള സര്വീസ് ചാര്ജ് ഒഴിവാക്കാന് തീരുമാനം. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതനുസരിച്ച് എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് ഇടപാടുകളുടെ സര്‍വീസ് ചാര്‍ജ് ഒഴിവാക്കും. നിലവില്‍ നെറ്റ് ബാങ്കിംഗ് ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജും സര്‍വീസ് ടാക്‌സും ബാങ്കുകള്‍ ഈടാക്കുന്നുണ്ട്.
ഒരാഴ്ചയ്ക്കുള്ളില്‍ ഇതുസംബന്ധിച്ച നിര്‍ദേശം ബാങ്കുകള്‍ക്ക് കൈമാറാനാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം. രണ്ടു ലക്ഷത്തില്‍ കൂടുതലുള്ള തുക ആര്‍ടിജിഎസ് വഴിയാണ് കൈമാറ്റം ചെയ്തിരുന്നത്. എടിഎമ്മുകളില്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് സംബന്ധിച്ചും പരിശോധന നടത്തും.
എടിഎം ഇടപാടുകള്‍ക്ക് ഈടാക്കുന്ന തുക പരിശോധിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തും. എടിഎം ചാര്‍ജുകള്‍ പുനഃപരിശോധിക്കണമെന്ന് ബാങ്കുകള്‍ നിരന്തര സമ്മര്‍ദ്ദം ചെലുത്തുന്നതിനാലാണ് സമിതിയെ നിയോഗിക്കുന്നത്. ഈ സമിതി രണ്ടു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും.