രാജ്യത്ത് സ്വര്‍ണവില കുതിച്ചുയരുന്നു; പ്രവാസി നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാകും

മുംബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേന്ദ്ര ബജറ്റിന് പിന്നാലെ രാജ്യത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ പ്രവാസികള്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നാണ് സൂചന. ബജറ്റിന് പിന്നാലെ 12.5 ശതമാനമായാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇത് രാജ്യത്തെ സ്വര്‍ണ വിപണിയെ ഗുരുതരമായി ബാധിക്കുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടല്‍.
ഇന്ത്യയിലെ സ്വര്‍ണവിലയിലുണ്ടാകുന്ന തളര്‍ച്ച ഗള്‍ഫ് വിപണിയെ ശക്തിപ്പെടുത്തും. ഗള്‍ഫില്‍ നിന്ന് വലിയ ലാഭത്തില്‍ സ്വര്‍ണം ലഭിക്കും. നിലവില്‍ ഒരു ഗ്രാമിന് ഇന്ത്യയേക്കാള് 300ലധികം രൂപ കുറവാണ് ഗള്ഫിലെ വിപണി വില. ബജറ്റിലെ പ്രഖ്യാപനം 500 രൂപ വരെ കുറവുണ്ടാകാന്‍ കാരണമാകും. യു.എ.ഇയിലെ സ്വര്‍ണ വ്യാപാരികള്‍ക്കാണ് പുതിയ സാഹചര്യം ഏറ്റവും കൂടുതല്‍ ഉപകാരപ്രദമാവുകയെന്നാണ് സൂചന.
ഇന്ന് യുഎഇയില്‍ 24 കാരറ്റിന് 169.25 ദിര്‍ഹമാണ് വില. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ഇത് 3169 രൂപ വരും. 22 കാരറ്റിനാകട്ടെ 159 ദിര്‍ഹമാണ് (2968 ഇന്ത്യന്‍ രൂപ) വില. കേരളത്തില്‍ 3205 രൂപയാണ് ഒരു ഗ്രാമിന്റെ ഇന്നത്തെ വില. ഇതിന് പുറമെ മൂന്ന് ശതമാനം ജി.എസ്.ടിയും നല്‍കണം. ഇന്ത്യന്‍ വിപണയില്‍ ഇന്ന് മാത്രം പവന് 200 രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടെ ഗ്രാമിന് 3240 രൂപയായി ഉയര്‍ന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. 25,800 രൂപയായിരുന്നു ഇതിന് മുന്‍പ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.
അമേരിക്കയും ചൈനയും തമ്മില്‍ നടക്കുന്ന വ്യാപാര യുദ്ധവും അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനകളുമാണ് പെട്ടന്നുള്ള വില വര്‍ദ്ധനവിന് കാരണമായി വിദഗദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.