ബ്രാഹ്‌മണര്‍ക്കെതിരെ പരാമര്‍ശം; ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു

 | 
Bhagel
ബ്രാഹ്‌മണര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു

 
റായ്പൂര്‍: ബ്രാഹ്‌മണര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിന്റെ പിതാവ് നന്ദ്കുമാര്‍ ബാഗെല്‍ ആണ് അറസ്റ്റിലായത്. അദ്ദേഹത്തെ റായ്പൂര്‍ കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

അടുത്തിടെ ഉത്തര്‍പ്രദേശില്‍ നടത്തിയ സന്ദര്‍ശനത്തിലാണ് നന്ദ്കുമാര്‍ ബാഗെല്‍ ബ്രാഹ്‌മണര്‍ക്കെതിരെ രംഗത്തെത്തിയത്. ബ്രാഹ്‌മണര്‍ വിദേശികളാണെന്നും അവരെ ബഹിഷ്‌കരിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഗംഗയില്‍ നിന്ന് വോള്‍ഗയിലേക്ക് അവരെ പായിക്കണം. നമ്മുടെ അവകാശങ്ങള്‍ പിടിച്ചുപറിച്ചു കൊണ്ട് നമ്മെ തൊട്ടുകൂടാത്തവരായി പരിഗണിക്കുകയാണ് ബ്രാഹ്‌മണര്‍. നിങ്ങളുടെ ഗ്രാമങ്ങളില്‍ അവരെ പ്രവേശിപ്പിക്കരുതെന്നാണ് അഭ്യര്‍ത്ഥിക്കുന്നതെന്നും നന്ദകുമാര്‍ ബാഗെല്‍ പറഞ്ഞു. 

ഈ പരാമര്‍ശങ്ങളില്‍ സര്‍വ്വ ബ്രാഹ്‌മിണ്‍ സമാജ് എന്ന സംഘടന നല്‍കിയ പരാതിയിലാണ് നന്ദ്കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്നാണ് ഇദ്ദേഹത്തിന് എതിരായ കേസ്. തന്റെ പിതാവിനെ മകനെന്ന നിലയില്‍ ബഹുമാനിക്കുന്നുണ്ടെങ്കിലും ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍, പൊതു ക്രമസമാധാനം തകര്‍ക്കാന്‍ പാകത്തിലുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയെ അവഗണിക്കാനാകില്ലെന്നും ആരും നിയമത്തിന് അതീതരല്ലെന്നുമായിരുന്നു ഭൂപേന്ദ്ര ബാഗെല്‍ പ്രതികരിച്ചത്.