തെരഞ്ഞെടുപ്പു കഴിയുന്നതു വരെ പിഎം മോഡി റിലീസ് ചെയ്യേണ്ട; തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനം ശരിവെച്ച് സുപ്രീം കോടതി

നരേന്ദ്ര മോഡിയുടെ ജീവിതം പ്രമേയമാകുന്ന പിഎം മോഡി എന്ന സിനിമ തെരഞ്ഞെടുപ്പു കഴിയുന്നതു വരെ റിലീസ് ചെയ്യേണ്ടെന്ന് സുപ്രീം കോടതി.
 | 
തെരഞ്ഞെടുപ്പു കഴിയുന്നതു വരെ പിഎം മോഡി റിലീസ് ചെയ്യേണ്ട; തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനം ശരിവെച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ ജീവിതം പ്രമേയമാകുന്ന പിഎം മോഡി എന്ന സിനിമ തെരഞ്ഞെടുപ്പു കഴിയുന്നതു വരെ റിലീസ് ചെയ്യേണ്ടെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനം ശരിവെച്ചു കൊണ്ടാണ് കോടതിയുടെ നിര്‍ദേശം. വോട്ടെടുപ്പു കഴിയുന്നു മെയ് 19 വരെ ചിത്രം റിലീസ് ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി. റിലീസ് വിലക്കിയ തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനത്തിനെതിരെ നിര്‍മാതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ഹര്‍ജി പരിഗണിച്ച കോടതി ചിത്രം കണ്ട ശേഷം തെരഞ്ഞെടുപ്പു ചട്ടലംഘനമാകുമോ എന്ന കാര്യം അറിയിക്കാന്‍ കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് കമ്മീഷന്‍ സീല്‍ ചെയ്ത കവറില്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ചാണ് കോടതി തീരുമാനം അറിയിച്ചത്. ചിത്രം റിലീസ് ചെയ്യുന്നത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാകുമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ നേരത്തേ ചിത്രത്തിനെതിരെ നടപടിയെടുത്തത്. സിനിമയുടെ പരസ്യം പ്രസിദ്ധീകരിച്ച ദൈനിക് ഭാസ്‌കര്‍, ദൈനിക് ജാഗരണ്‍ പത്രങ്ങള്‍ക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചിരുന്നു. ഈ ചിത്രം രാഷ്ട്രീയ പ്രേരിതമാണെന്നും റിലീസ് നീട്ടിവെക്കണമെന്നുമായിരുന്നു കോണ്‍ഗ്രസ് പരാതിയില്‍ ആവശ്യപ്പെട്ടത്.