മധ്യപ്രദേശില്‍ വീടുകളില്‍ നിന്ന് മോഡിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ഹൈക്കോടതി
ഗ്വാളിയോര്‍: പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) അനുസരിച്ച് നിര്മിച്ച വീടുകളില് നിന്ന് നരന്ദ്ര മോഡിയുടെ ചിത്രങ്ങള് നീക്കം ചെയ്യണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ചിത്രങ്ങളും നീക്കം ചെയ്യണമെന്ന് കോടതി നിര്ദേശിച്ചു. ഡിസംബര് 20ന് മുമ്പായി ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാന സര്ക്കാരിന് കോടതി നിര്ദേശം നല്‍കി.
പി.എം.എ.വൈ പദ്ധതി അനുസരിച്ച് നിര്‍മിക്കുന്ന വീടുകളില്‍ ഒരു രാഷ്ട്രീയ നേതാക്കന്‍മാരുടെയും പേരുണ്ടാകാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. മധ്യപ്രദേശ് ഹൈക്കോടതിയിലെ ഗ്വാളിയോര്‍ ബെഞ്ചാണ് ഉത്തരവ് പുറത്തിറക്കിയത്. ദാത്യ സ്വദേശിയായ സഞ്ജയ് പുരോഹിത് എന്നയാള്‍ നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് നടപടി.
പൊതുധനം ഉപയോഗിച്ച് നിര്‍മിച്ച വീടുകള്‍ രാഷ്ട്രീട മുതലെടുപ്പുകള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് കാട്ടിയായിരുന്നു പരാതി. ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. പിഎംഎവൈയുടെ ലോഗോ മാത്‌രമേ വീടുകളില്‍ പതിക്കൂ എന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.