ആള്‍ദൈവത്തിന്റെ ആശ്രമത്തില്‍ റെയ്ഡ്; കണ്ടെത്തിയത് 700 കോടിയുടെ അനധികൃത സ്വത്ത്

ആള്ദൈവം കല്ക്കി ബാബയുടെ ആശ്രമത്തില് നടത്തിയ പരിശോധനയില് 700 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തി.
 | 
ആള്‍ദൈവത്തിന്റെ ആശ്രമത്തില്‍ റെയ്ഡ്; കണ്ടെത്തിയത് 700 കോടിയുടെ അനധികൃത സ്വത്ത്

ചെന്നൈ: ആള്‍ദൈവം കല്‍ക്കി ബാബയുടെ ആശ്രമത്തില്‍ നടത്തിയ പരിശോധനയില്‍ 700 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തി. ആദായ നികുതി വകുപ്പാണ് കല്‍ക്കി ബാബയുടെ ആശ്രമത്തിലും വിവിധ സ്ഥാപനങ്ങളിലുമായി റെയ്ഡ് നടത്തിയത്. ആള്‍ദൈവ പരിവേഷം ഉപയോഗിച്ച് ഇയാള്‍ വന്‍ തട്ടിപ്പായിരുന്നു നടത്തിയിരുന്നതെന്നും രാജ്യാന്തര തലത്തിലുള്ള വന്‍ ശൃംഖലയാണ് ഇയാള്‍ക്ക് പിന്നിലുള്ളതെന്നും പരിശോധനയില്‍ വ്യക്തമായി.

കേസില്‍ ചോദ്യംചെയ്യലിനായി കല്‍ക്കി ബാബയുടെ വിശ്വസ്തന്‍ ലോകേഷ് ദാസാജിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മുന്‍പും ഇയാളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. വെല്‍നസ് കോഴ്‌സ് എന്ന പേരില്‍ ആത്മീയതാ ക്ലാസുകള്‍ നടത്തിയിരുന്ന ഓഫീസുകളില്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. യുഎസ്, സിംഗപ്പൂര്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്നാണ് സംഭാവനകള്‍ കൂടുതലും എത്തിയത്.

ഗള്‍ഫിലും യൂറോപ്പിലുമായി കല്‍ക്കി ബാബയുടെ മകന്‍ കൃഷ്ണ നടത്തിയിരുന്ന കെട്ടിടനിര്‍മ്മാണ കമ്പനിയുടെ വിവരങ്ങളും ആദായ വകുപ്പ് പരിശോധിക്കുകയാണ്. ഈ കമ്പനിയുടെ പേരിലേക്കാണ് വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് സംഭാവനകള്‍ കൂടുതലും വകമാറ്റിയത്. നാല് ദിവസങ്ങളിലായി നടന്ന റെയ്ഡില്‍ ഇതുവരെ 56 കോടി രൂപ, 97 കിലോ സ്വര്‍ണം,എട്ട് കോടിയുടെ വജ്രം,22 കോടി യുഎസ് ഡോളര്‍, 409 കോടിയുടെ രസീതുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.