മുംബൈയ്ക്കടുത്ത് പുതിയ തുറമുഖം വരുന്നു
മുംബൈ: രാജ്യത്തെ പതിമൂന്നാമത്തെ തുറമുഖം മുംബൈയ്ക്കടുത്ത് ദഹാനുവില് മൂന്ന് വര്ഷത്തിനകം പ്രവര്ത്തനം തുടങ്ങും. ആറായിരം കോടി രൂപയാണ് പ്രതീക്ഷിക്കുന്ന നിര്മാണച്ചെലവ്. കേന്ദ്രമന്ത്രി നിതിന് ഗഡ്കരി അറിയിച്ചതാണ് ഇക്കാര്യം.
വടക്കന്‍ മഹാരാഷ്ട്രയിലെ പഗല്‍ഘര്‍ ജില്ലയിലുളള ദഹാനു തീരത്ത് നിന്ന് നാലര നോട്ടിക്കല്‍ മൈല്‍ അകലെയാണ് നിര്‍ദ്ദിഷ്ട തുറമുഖം. മുംബൈയില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ അകലെയായാണിത്. സംസ്ഥാന സര്‍ക്കാരിന്റെ കൂടി പങ്കാളിത്തത്തോടെയാണിത് നടപ്പാക്കുക.
വര്‍ഷം തോറും അറുപത് മുതല്‍ 100 മില്യന്‍ ടണ്‍ ചരക്ക് ഈ തുറമുഖം വഴി കടത്താനാകുമെന്നാണ് പ്രതീക്ഷ. 2500 ഏക്കറിലായാകും തുറമുഖം. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പാക്കുക. ഇതിനായി പ്രമുഖ ചരക്ക് തുറമുഖമായ ജെഎന്‍പിടിയും മഹാരാഷ്ട്ര മാരിടൈം ബോര്‍ഡും തമ്മില്‍ ധാരണയിലെത്തി.
ഡിസംബറോടെ തുറമുഖത്തിന് തറക്കല്ലിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്രയിലെ ആണവോര്‍ജ്ജ പ്ലാന്റുകള്‍ക്ക് തുറമുഖം ഏറെ സഹായകമാകുമെന്നാണ് പ്രതീക്ഷ.


