പതിനാലുകാരിയുടെ ചോദ്യത്തിന് മുന്നില്‍ രാഹുല്‍ ഗാന്ധിക്ക് ഉത്തരംമുട്ടിയെന്ന് സംഘപരിവാര്‍ വ്യാജ പ്രചാരണം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി തന്റെ ഗള്ഫ് സന്ദര്ശനത്തിനിടയില് പതിനാലുകാരിയുടെ ചോദ്യത്തിന് മുന്നില് ഉത്തരംമുട്ടി ലൈവ് ടെലികാസ്റ്റ് നിര്ത്താന് ആവശ്യപ്പെട്ടതായി വ്യാജ പ്രചാരണം. സംഘ്പരിവാര് അനുകൂല വെബ് പോര്ട്ടലായ ‘മൈ നേഷനാണ്’ ഇത്തരമൊരു വ്യാജ പ്രചാരണത്തിന് തുടക്കം കുറിച്ചത്. വ്യാജ വാര്ത്ത പുറത്തുവന്നതോടെ സംഘ്പരിവാര്, ബി.ജെ.പി അനുകൂല സോഷ്യല് മീഡിയ അക്കൗണ്ടുകള് വാര്ത്ത ഏറ്റുപിടിച്ചു. എന്നാല് പിന്നീട് നടന്ന അന്വേഷണത്തില് വാര്ത്ത തികച്ചും വ്യാജമാണെന്ന് വ്യക്തമാവുകയായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനത്തിന് ഭാഗമായി മൂന്ന് സ്ഥലങ്ങളിലാണ് പൊതുപരിപാടികളില്‍ പങ്കെടുത്തത്. ഇവിടങ്ങളിലൊന്നും അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പരിപാടികളുടെ ലൈവ് ടെലികാസ്റ്റ് വീഡിയോകള്‍ വ്യക്തമാക്കുന്നു. ‘മൈ നേഷന്‍’ ചോദ്യ കര്‍ത്താവെന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന ചിത്രം വളരെ പ്രശ്‌സ്തയായ സിദ്ധി ഭാഗ്വിയുടെ പ്രസംഗത്തിന്റേതാണ്. ശൈശവ വിവാഹത്തിനെതിരെ സിദ്ധി നടത്തിയ ഈ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോഴും യൂട്യൂബില്‍ ലഭ്യമാണ്. രാഹുല്‍ ഗാന്ധിക്കെതിരെ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ മുന്‍പും വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടുണ്ട്.
സംഭവത്തോട് രാഹുല്‍ പ്രതികരിച്ചിട്ടില്ല. പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ പങ്കെടുത്ത യു.എ.ഇയിലെ പൊതുപരിപാടിയില്‍ മോഡി സര്‍ക്കാരിനെ അതിരൂക്ഷമായ ഭാഷയിലാണ് രാഹുല്‍ വിമര്‍ശിച്ചത്. ‘മന്‍ കീ ബാത്’ നടത്താനല്ല നിങ്ങളെ കേള്‍ക്കാനും നിങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയാനുമാണ് താന്‍ എത്തിയതെന്നായിരുന്നു രാഹുല്‍ ഗാന്ധി യു.എ.ഇയില്‍ പറഞ്ഞത്. ലേബര്‍ ക്യാംപില്‍ സംഘടിപ്പിച്ച മറ്റൊരു പരിപാടിയിലും മോഡിയെ രൂക്ഷമായ ഭാഷയിലാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. ‘മൈ നേഷനെതിരെ’ കോണ്‍ഗ്രസ് നിയമനടപടിയെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.