പിടിയിലായത് മറ്റൊരു കേസില്‍; ശിക്ഷിക്കപ്പെട്ടത് സുപ്രധാന സാക്ഷികള്‍ പോലും വിസ്തരിക്കപ്പെടാത്ത കേസില്‍? സഞ്ജീവ് ഭട്ട് ഇനി പുറത്തിറങ്ങുമോ?

300 സാക്ഷികളുള്ള കേസില് 32 സാക്ഷികള് മാത്രമാണ് വിചാരണ ചെയ്യപ്പെട്ടതെന്നും ഭട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
 | 
പിടിയിലായത് മറ്റൊരു കേസില്‍; ശിക്ഷിക്കപ്പെട്ടത് സുപ്രധാന സാക്ഷികള്‍ പോലും വിസ്തരിക്കപ്പെടാത്ത കേസില്‍? സഞ്ജീവ് ഭട്ട് ഇനി പുറത്തിറങ്ങുമോ?

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് ഇന്ന് അഴിക്കുള്ളില്‍. നിസാര കാരണങ്ങള്‍ പറഞ്ഞ് 2015ല്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഭട്ടിന് 30 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കസ്റ്റഡി മരണക്കേസിലാണ് ജാംനഗര്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. ഈ കേസില്‍ സുപ്രധാന സാക്ഷികള്‍ പോലും വിസ്തരിക്കപ്പെട്ടിട്ടില്ലെന്ന് സഞ്ജീവ് ഭട്ട് ചൂണ്ടിക്കാട്ടിയിരുന്നു. കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിച്ച സംഘത്തിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും കസ്റ്റഡിയില്‍ പീഡനമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയ ചില സാക്ഷികളെയും പ്രോസിക്യൂഷന്‍ വിസ്തരിച്ചിട്ടില്ലെന്നായിരുന്നു ഭട്ട് പറഞ്ഞത്. 300 സാക്ഷികളുള്ള കേസില്‍ 32 സാക്ഷികള്‍ മാത്രമാണ് വിചാരണ ചെയ്യപ്പെട്ടതെന്നും ഭട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

ഇപ്പോള്‍ വിചാരണത്തടവില്‍ കഴിയുന്ന സഞ്ജീവ് ഭട്ടിനെ 2018 സെപ്റ്റംബര്‍ 22നാണ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്ന കേസിലായിരുന്നില്ല അറസ്റ്റ്. 22 വര്‍ഷം മുമ്പ് രാജസ്ഥാന്‍ സ്വദേശിയായ അഭിഭാഷകനെ ലഹരിമരുന്നു കേസില്‍ കുടുക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് അദ്ദേഹം അറസ്റ്റിലായത്. 1998ല്‍ സഞ്ജീവ് ഭട്ട് ബനസ്‌കന്ദയില്‍ ഡിസിപിയായിരുന്ന സമയത്താണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അറസ്റ്റിലായ ഭട്ടിനെ കാണാന്‍ അദ്ദേഹത്തിന്റെ ഭാര്യയെപ്പോലും ആദ്യ ഘട്ടത്തില്‍ പോലീസ് അനുവദിച്ചിരുന്നില്ല. ജാമ്യ ഹര്‍ജികള്‍ നിരന്തരം തള്ളപ്പെടുകയും ചെയ്തു. ഒടുവില്‍ കഴിഞ്ഞ മാസം സുപ്രീം കോടതിയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു.

കസ്റ്റഡി മരണക്കേസില്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കണമെന്ന ഭട്ടിന്റെ ഹര്‍ജിയും സുപ്രീം കോടതി തള്ളുകയായിരുന്നു. ആദ്യം മജിസ്‌ട്രേറ്റ് കോടതി തള്ളിയ ഹര്‍ജി ഹൈക്കോടതി ഭാഗികമായി അനുവദിച്ചിരുന്നു. എന്നാല്‍ കേസില്‍ ഇതേ വിധത്തിലുള്ള മറ്റൊരു ഹര്‍ജി മൂന്നംഗ ബെഞ്ച് തള്ളിയിട്ടുള്ളതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയും ജസ്റ്റിസ് അജയ് രസ്‌തോഗിയും അംഗങ്ങളായ അവധിക്കാല ബെഞ്ച് ഭട്ടിന്റെ ഹര്‍ജി നിരസിച്ചു. കേസ് വൈകിപ്പിക്കാനുള്ള പ്രതികളുടെ നീക്കമാണ് ഇവയെന്ന ഗുജറാത്ത് പോലീസിന്റെ വാദം കോടതി അംഗീകരിച്ചുകൊണ്ട് ജൂണ്‍ 20നുള്ളില്‍ കേസ് തീര്‍പ്പാക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു.

1990 നവംബറില്‍ ഭാരത് ബന്ദ് ദിവസമുണ്ടായ കലാപത്തില്‍ കസ്റ്റഡിയിലെടുത്ത 133 പേരില്‍ പ്രഭുദാസ് മാധവ്ജി വൈഷ്ണാനി എന്നയാള്‍ മരിച്ച സംഭവത്തിലാണ് ഭട്ടിനും മറ്റു പോലീസുകാര്‍ക്കുമെതിരെ കേസെടുത്തത്. 9 ദിവസം കസ്റ്റഡിയില്‍ സൂക്ഷിച്ച വൈഷ്ണാനി പുറത്തിറങ്ങി പത്തു ദിവസത്തിനു ശേഷം ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണം. 1995ല്‍ മജിസ്‌ട്രേറ്റ് കോടതി ഈ കേസില്‍ വിചാരണ ആരംഭിച്ചെങ്കിലും ഗുജറാത്ത് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്‌റ്റേ മൂലം 2011ലാണ് വിചാരണ പുനരാരംഭിച്ചത്.

2002ലെ ഗുജറാത്ത് കലാപക്കേസില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതോടെയാണ് ബിജെപിക്ക് ഭട്ട് അനഭിമതനായത്. 2002 ഫെബ്രുവരി 27ന് കലാപത്തിനിടയില്‍ മുഖ്യമന്ത്രി വിളിച്ച ഒരു യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നുവെന്നും കലാപം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് പോലീസിന് മോദി നിര്‍ദേശം നല്‍കിയിരുന്നുവെന്നുമായിരുന്നു സത്യവാങ്മൂലത്തില്‍ ഭട്ട് വ്യക്തമാക്കിയത്. എന്നാല്‍ കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം പിന്നീട് മോദിക്ക് കലാപത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു.

പിന്നീട് നിരന്തരം വേട്ടയാടലുകള്‍ക്ക് വിധേയനായ ഭട്ടിനെ അകാരണമായി ഡ്യൂട്ടിക്ക് ഹാജരായില്ലെന്നും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തുവെന്നും ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്തു. 2015ല്‍ അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. രഹസ്യാന്വേഷണ വിഭാഗം ഓഫീസറായിരുന്ന സഞ്ജീവ് ഭട്ടിനെ അനുമതിയില്ലാതെ അവധിയില്‍ പ്രവേശിച്ചു എന്നു കാണിച്ചാണ് പിരിച്ചുവിട്ടത്. എന്നാല്‍ ജോലിക്ക് ഹാജരായില്ലെന്ന് പറയുന്ന ദിവസങ്ങളില്‍ സാകിയ ജാഫ്രി കേസിലും നാനാവതി കമ്മീഷന്‍ മുമ്പാകെയും മൊഴി നല്‍കാന്‍ പോയതാണെന്ന് സോഷ്യല്‍ മീഡിയയില്‍ ഭട്ട് വ്യക്തമാക്കിയിരുന്നു.

പിന്നീട് മോദിയുടെയും ബിജെപിയുടെയും നിരന്തര വിമര്‍ശകനായി സോഷ്യല്‍ മീഡിയയില്‍ സജീവമായ ഭട്ടിനെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് വീട്ടില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭട്ടിനു മുന്നില്‍ അപ്പീല്‍ കോടതികളുണ്ടെങ്കിലും ജയിലിനു പുറത്തിറങ്ങല്‍ അത്ര എളുപ്പമാകില്ലെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.