കൊലക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ശരവണ ഭവന്‍ ഹോട്ടല്‍ ശൃഖലയുടെ ഉടമ പി.രാജഗോപാല്‍ അന്തരിച്ചു

ശാന്തകുമാര് കൊലപാതക കേസില് ഈയിടെയാണ് പി. രാജഗോപാല് കീഴടങ്ങിയത്.
 | 
കൊലക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ശരവണ ഭവന്‍ ഹോട്ടല്‍ ശൃഖലയുടെ ഉടമ പി.രാജഗോപാല്‍ അന്തരിച്ചു

ചെന്നൈ: കൊലപാതക കേസില്‍ ജീവപരന്ത്യം തടവില്‍ കഴിഞ്ഞിരുന്ന ശരവണ ഭവന്‍ ഹോട്ടല്‍ ശൃഖലയുടെ ഉടമ പി.രാജഗോപാല്‍ അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ശാന്തകുമാര്‍ കൊലപാതക കേസില്‍ ഈയിടെയാണ് പി. രാജഗോപാല്‍ കീഴടങ്ങിയത്. കേസില്‍ ജീവപരന്ത്യം തടവിന് ശിക്ഷിക്കപ്പെട്ട രാജഗോപാല്‍ കഴിഞ്ഞ ചൊവ്വാഴ്ച്ച മുതല്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് ഹൃദയാഘാതമുണ്ടായത്.

വെജിറ്റേറിയന്‍ വിഭവങ്ങളിലൂടെ പേരെടുത്ത ശരവണ ഭവന്‍ ഹോട്ടല്‍ ശൃഖലയുടെ ഉടമസ്ഥനായ രാജഗോപാല്‍ 2001ലാണ് ഗുണ്ടകളുടെ സഹായത്തോടെ ശാന്തകുമാര്‍ എന്നയാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ശരവണ ഭവന്‍ ജീവനക്കാരന്റെ മകളുടെ ഭര്‍ത്താവായിരുന്നു ശാന്തകുമാര്‍. നേരത്തെ ഒരു ജോത്സ്യന്റെ നിര്‍ദേശ പ്രകാരം രാജഗോപാല്‍ ജീവനക്കാരന്റെ മകളായ ജീവജ്രോതിയെ വിവാഹം ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ജീവജ്യോതിയുടെ മാതാപിതാക്കള്‍ ഇതിന് അനുവാദം നല്‍കിയില്ല.

ജീവജ്രോതിയെ പിന്നീട് ശാന്തകുമാറിന് വിവാഹം ചെയ്തു നല്‍കുകയും ചെയ്തു. എന്നാല്‍ വിവാഹ ശേഷവും ജ്യോതിയെ വിടാതെ പിന്തുടര്‍ന്ന രാജഗോപാല്‍ ശാന്തകുമാറിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. വഴങ്ങാതിരുന്നതോടെ 2001ല്‍ കൊടയ്ക്കനാലിലേക്ക് ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഭര്‍ത്താവിന്റെ ഘാതകരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ജീവജ്യോതി നടത്തിയ നിയമപോരാട്ടം ഫലം കണ്ടതോടെ രാജഗോപാല്‍ അഴിക്കുള്ളിലായി.

വിചാരണ കോടതി 10 വര്‍ഷം കഠിന തടവാണ് രാജഗോപാലിന് ശിക്ഷ വിധിച്ചത്. പിന്നീട് മദ്രാസ് ഹൈക്കോടതി ജീവപരന്ത്യമാക്കി ശിക്ഷ ഉയര്‍ത്തി. ഇതിനെതിരെ പ്രതി അപ്പീല്‍ നല്‍കിയെങ്കിലും സുപ്രീം കോടതി തള്ളി. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് രാജഗോപാല്‍ ശിക്ഷ വളരെക്കാലം ദീര്‍ഘിപ്പിച്ചു. എന്നാല്‍ സുപ്രീം കോടതി അന്ത്യശാസനം നല്‍കിയതോടെ കീഴടങ്ങുകയായിരുന്നു.