പത്രിക സ്വീകരിച്ചു; സരിത അമേഠിയില്‍ രാഹുലിനെതിരെ മത്സരിക്കും

നേരത്തേ എറണാകുളത്തും വയനാട്ടിലും സരിത നാമനിര്ദേശ പത്രിക നല്കിയെങ്കിലും സ്വീകരിച്ചിരുന്നില്ല.
 | 
പത്രിക സ്വീകരിച്ചു; സരിത അമേഠിയില്‍ രാഹുലിനെതിരെ മത്സരിക്കും

ലഖ്‌നൗ: സോളാര്‍ നായിക സരിത എസ്.നായര്‍ അമേഠിയില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. നേരത്തേ എറണാകുളത്തും വയനാട്ടിലും സരിത നാമനിര്‍ദേശ പത്രിക നല്‍കിയെങ്കിലും സ്വീകരിച്ചിരുന്നില്ല. സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളില്‍ ശിക്ഷിക്കപ്പെട്ടതിനാലാണ് പത്രികകള്‍ തള്ളിയത്. ശിക്ഷ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണെങ്കിലും കുറ്റക്കാരിയെന്ന് കണ്ടെത്തിയ വിധി നിലനില്‍ക്കുകയാണ്.

അതേസമയം രാഹുല്‍ ഗാന്ധിക്കെതിരായ സരിതയുടെ മത്സരം മറ്റു ചില നിയമ പ്രശ്‌നങ്ങള്‍ കൂടി ഉയര്‍ത്തുന്നുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടു മണ്ഡലങ്ങളില്‍ മാത്രമേ ഒരാള്‍ക്ക് മത്സരിക്കാനാകൂ. എറണാകുളത്തും വയനാട്ടിലും പത്രിക നല്‍കിയ ശേഷം മൂന്നാമതായി അമേഠിയില്‍ കൂടി പത്രിക നല്‍കിയത് സങ്കീര്‍ണ്ണമായ നിയമ പ്രശ്‌നമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

രണ്ടു മണ്ഡലങ്ങളില്‍ പത്രിക തള്ളപ്പെട്ടാല്‍ സ്ഥാനാര്‍ത്ഥി മത്സരിക്കാന്‍ അയോഗ്യതയുള്ളതായി കണക്കാക്കപ്പെടും. അതുകൊണ്ടു തന്നെ മൂന്നാമതൊരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെന്നാണ് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.