എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 20,000 ആക്കുന്നു
മുംബൈ: എസ്.ബി.ഐ. എ.ടി.എമ്മുകളില് നിന്ന് ഒരു ദിവസം പിന്വലിക്കാനാകുന്ന തുകയുടെ പരിധി 20,000 രൂപയാക്കി കുറയ്ക്കുന്നു. ഒക്ടോബര് 31 മുതല് ഇത് പ്രാബല്യത്തില് വരും. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ എസ്.ബി.ഐയുടെ പുതിയ നീക്കം ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്ട്ടുകള്. ക്ലാസിക്, മാസ്റ്ററോ ഡെബിറ്റ് കാര്ഡ് ഉപഭോക്താക്കള്ക്കാണ് പുതിയ നിയമം ബാധമാവുക.
എ.ടി.എമ്മുകള്‍ വഴി സമീപകാലത്ത് തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിന്‍വലിക്കല്‍ പരിധി വെട്ടിക്കുറക്കാന്‍ തീരുമാനിച്ചത്. നിലവില്‍ 40,000 രൂപയാണ് ഒരു ദിവസം പിന്‍വലിക്കാന്‍ കഴിയുന്ന തുക. എ.ടി.എമ്മുകള്‍ക്കുള്ളില്‍ വെച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന സംഘങ്ങളും രാജ്യത്ത് വ്യാപകമായി പ്രവര്‍ത്തിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ചെക്കുകള്‍ വഴിയൊ പാസ്ബുക്ക് ഉപയോഗിച്ചോ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പണം പിന്‍വലിക്കാന്‍ കഴിയും. പുതിയ തീരുമാനം ഉടന്‍ ഉപഭോക്താക്കളെ അറിയിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മിക്ക എ.ടി.എം. ഇടപാടുകളും ചെറിയ തുകയുടേതാണെന്നും കൂടുതല്‍ ഉപഭോക്താക്കള്‍ക്കും 20,000 രൂപയുടെ പരിധി പര്യാപ്തമായിരിക്കുമെന്നും എസ്.ബി.ഐ. മാനേജിങ് ഡയറക്ടര്‍ പി.കെ. ഗുപ്ത പ്രതികരിച്ചു. നോട്ട് നിരോധന സമയത്തുണ്ടായതിനേക്കാള്‍ കറന്‍സി ഇപ്പോള്‍ വിപണിയിലുണ്ടെന്നാണ് ആര്‍.ബി.ഐ കണക്ക്. നോട്ടുകള്‍ വീട്ടില്‍ സൂക്ഷിക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇത് നിയന്ത്രിക്കാന്‍ പുതിയ നീക്കം സഹായിക്കുമെന്നാണ് സൂചന.