കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിര്‍ബന്ധിത പ്രാര്‍ത്ഥന നടത്തുന്നതിനെതിരെ സുപ്രീം കോടതി
ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഹിന്ദിയിലും സംസ്കൃതത്തിലും നിര്‍ബന്ധിത പ്രാര്‍ത്ഥന ഏര്‍പ്പെടുത്തുന്നതിനെതിരെ സുപ്രീം കോടതി. കൈകൂപ്പിയും കണ്ണടച്ചുമുള്ള പ്രാര്‍ത്ഥനകള്‍ നിര്‍ബന്ധമാക്കിയതിനെതിരെ സുപ്രീം കോടതി സര്‍ക്കാരിനോടും കേന്ദ്രീയ വിദ്യാലയ അധികൃതരോടും വിശദീകരണം ആവശ്യപ്പെട്ടു. ജസ്റ്റിസ് ആര്.എഫ് നരിമാന് അധ്യക്ഷനായുള്ള ബെഞ്ചാണ് വിശദീകരണം ആവശ്യപ്പെട്ടത്.
ആയിരത്തിലധികം വരുന്ന കേന്ദ്രീയ വിദ്യാലയങ്ങളി ഈ നിര്‍ബന്ധിത പ്രാര്‍ത്ഥനകള്‍ ഒരു പ്രത്യേക മതവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും അത് ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടുന്ന ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വളരെ പ്രധാനപ്പെട്ട ഒരു ഭരണഘടനാ പ്രശ്നമാണെന്ന് ഇതെന്ന് കോടതി നിരീക്ഷിച്ചു.
പൊതു അസംബ്ലികളില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികളും പ്രാര്‍ത്ഥനകളില്‍ പങ്കുചേരണമെന്നാണ് ചട്ടം. മതവിശ്വാസമില്ലാത്തവരെന്നോ മറ്റേതെങ്കിലും വിശ്വാസം പിന്തുടരുന്നവരെന്നോ ഭേദമില്ലാതെയാണ് പ്രാര്‍ത്ഥന അടിച്ചേല്പിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികളും മതവിശ്വാസമില്ലാത്തവരും മറ്റേതെങ്കിലും വിശ്വാസം പിന്തുടരുന്നവരുമായ എല്ലാവരും നിര്‍ബന്ധപൂര്‍വ്വം ഇത്തരം പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കേണ്ടിവരുന്നത് ഭരണഘടനയുടെ 92-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഹര്‍ജി നല്കിയ വിനായക് ഷാ ചൂണ്ടിക്കാട്ടി.
പ്രാര്‍ത്ഥനകളില്‍ നിന്ന് വിട്ടുനില്ക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കുകയും അവരെ നിര്‍ബന്ധിതമായി കൈകൂപ്പിയുള്ള പ്രാര്‍ഥനയ്ക്ക് പങ്കെടുപ്പിക്കാനും ഇത്തരം വിദ്യാലയങ്ങളിലെ അധ്യാപകര്‍ ശ്രദ്ധിക്കാറുണ്ട്. പ്രാര്‍ത്ഥനയില്‍ പങ്കുചേരാത്തവരെ പരസ്യമായി ശിക്ഷിക്കാന്‍ പോലും ചില അധ്യാപകര്‍ മുതിരാറുണ്ടെന്നും ഹര്‍ജി ആരോപിക്കുന്നു.