നിയമലംഘനം നോക്കി നില്‍ക്കില്ല; യുപിയില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകനെ വിട്ടയക്കണമെന്ന് സുപ്രീം കോടതി

ഉത്തര്പ്രദേശില് സോഷ്യല് മീഡിയ പോസ്റ്റിന്റെ പേരില് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്ത്തകനെ ഉടന് വിട്ടയക്കണമെന്ന് സുപ്രീം കോടതി
 | 
നിയമലംഘനം നോക്കി നില്‍ക്കില്ല; യുപിയില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകനെ വിട്ടയക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന ട്വീറ്റ് ചെയ്തുവെന്ന് ആരോപിച്ച് പ്രശാന്ത് കനോജിയ എന്ന മാധ്യമപ്രവര്‍ത്തകനെയാണ് അറസ്റ്റ് ചെയ്തത്. എന്തടിസ്ഥാനത്തിലാണ് അറസ്റ്റ് എന്ന് സുപ്രീം കോടതി ചോദിച്ചു. പ്രശാന്ത് കനോജിയയുടെ ഭാര്യ ജിഗിഷ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് നടപടി.

ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ചാണ് കനോജിയയ്ക്ക് ജാമ്യം നല്‍കാന്‍ ഉത്തരവിട്ടത്. ട്വീറ്റിന്റെ ശരിതെറ്റുകള്‍ അവിടെ നില്‍ക്കട്ടെ, ഈ ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുന്നത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. മതത്തിനും ദൈവത്തിനുമെതിരെ കനോജിയ പോസ്റ്റുകള്‍ ചെയ്തിട്ടുണ്ടെന്നും പ്രകോപനപരനായ ഈ ട്വീറ്റുകളുടെ അടിസ്ഥാനത്തില്‍ ഐപിസി 505-ാം വകുപ്പും മാധ്യമപ്രവര്‍ത്തകനു മേല്‍ ചുമത്തിയിട്ടുണ്ടെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി.

എന്നാല്‍ ഇവയുടെ പേരില്‍ അറസ്റ്റ് ചെയ്തതില്‍ അതൃപ്തി അറിയിച്ച കോടതി കനോജിയയെ 22-ാം തിയതി വരെ റിമാന്‍ഡ് ചെയ്ത നടപടി തെറ്റാണെന്നും നിരീക്ഷിച്ചു. ജാമ്യ ഹര്‍ജിയില്‍ കീഴ്‌ക്കോടതിയിലാണ് വാദം കേള്‍ക്കേണ്ടതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചെങ്കിലും നിയമവിരുദ്ധമായ നടപടി കണ്ടാല്‍ പ്രതികരിക്കാതെ കീഴ്‌ക്കോടതിയിലേക്ക് പോകൂ എന്നു പറയാന്‍ തങ്ങള്‍ക്കാവില്ലെന്നായിരുന്നു കോടതിയുടെ മറുപടി.

ഹേബിയസ് കോര്‍പസ് ഹര്‍ജി കൊണ്ട് റിമാന്‍ഡ് ഉത്തരവിനെ മറികടക്കാന്‍ കഴിയുമോ എന്ന് എഎസ്ജി ചോദിച്ചപ്പോള്‍ ഈ കേസില്‍ അറസ്റ്റും പത്തു ദിവസം നീളുന്ന റിമാന്‍ഡും എന്തിനാണെന്നും കോടതി ചോദിച്ചു. കനോജിയ കൊലക്കേസ് പ്രതിയല്ലല്ലോയെന്നും കോടതി ചോദിച്ചു. വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇത്തരം ഇടപെടലുണ്ടായാല്‍ അതില്‍ സുപ്രീംകോടതിയ്ക്ക് ഇടപെടാമെന്നും അതില്‍ കീഴ്‌വഴക്കത്തിന്റെ പ്രശ്‌നമില്ലെന്നും കോടതി വ്യക്തമാക്കി.