ജയ് ഷാ ദ വയറിനെതിരെ നല്കിയ അപകീര്ത്തി കേസില്‍ നടപടി വേണ്ടെന്ന് സുപ്രീം കോടതി
ന്യൂദല്‍ഹി: അമിത് ഷായുടെ മകന് ജയ് ഷാ ദ വയറിനെതിരെ നല്കിയ അപകീര്ത്തി കേസില് നടപടികള് നിര്ത്തിവെക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതിയോട് സുപ്രീം കോടതി നിര്ദേശിച്ചു. 2014ല് ബി.ജെ.പി സര്ക്കാര് അധികാരം ഏറ്റെടുത്തതിനു ശേഷം ജയ് ഷായുടെ കമ്പനിയുടെ ലാഭം ഗണ്യമായി വര്ദ്ധിച്ചുവെന്ന റിപ്പോര്ട്ടിനെതിരെ 2017 ഒക്ടോബറിലാണ് കേസ് ഫയല് ചെയ്യപ്പെടുന്നത്. റിപ്പോര്ട്ട് നല്കിയ രോഹിണി സിങ്, സിദ്ധാര്ത്ഥ് വരദരാജ്, വേണു എന്നിവര്ക്കെതിരെയാണ് ജയ് ഷാ കോടതിയെ സമീപിച്ചത്.
എന്നാല്‍ ദ വയറിനെതിരെ നടക്കുന്ന എല്ലാ നിയമ നടപടിക്രമങ്ങളും നിര്‍ത്തിവെക്കണമെന്ന് കേസ് പരിഗണിക്കുന്ന ഗുജറാത്ത് ഹൈക്കോടതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. നേരത്തെ തങ്ങള്‍ക്കെതിരായ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ദ വയര്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പക്ഷേ പരാതിയില്‍ കഴമ്പുണ്ടെന്ന് പറഞ്ഞ് കോടതി മാധ്യമ സ്ഥാപനം വിചാരണ നേരിടണമെന്ന് വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് വയര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
റോബര്‍ട്ട് വാദ്രയുമായി ബന്ധപ്പെട്ട ഡി.എല്‍.എഫ് അഴിമതിക്കേസ് പുറത്തുകൊണ്ടു വന്ന മാധ്യമ പ്രവര്‍ത്തകരിലൊരാളാണ് രോഹിണി സിങ്. കേസ് തള്ളണമെന്ന വയറിന്റെ ഹര്‍ജി ഏപ്രില്‍ 12ന് സുപ്രീം കോടതി പരിഗണിക്കും. നരേന്ദ്ര മോഡി അധികാരത്തിലെത്തി ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ ജയ് ഷായുടെ കമ്പനിയുടെ ലാഭം 16,000 മടങ്ങ് വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്ത വയറിന്റെ വാര്‍ത്ത വലിയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് കാരണമായിരുന്നു.