മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹിന്ദു മഹാസഭയുടെ ഹര്‍ജി തള്ളി

മുസ്ലീം സ്ത്രീകള്ക്ക് പള്ളികളില് പ്രവേശനം നല്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ നല്കിയ ഹര്ജി സുപ്രീം കോടതി തള്ളി.
 | 
മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹിന്ദു മഹാസഭയുടെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: മുസ്ലീം സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പര്‍ദ്ദ നിരോധിക്കണമെന്ന ഹര്‍ജിയിലെ ആവശ്യവും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളിയിട്ടുണ്ട്. മുസ്ലീം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കണമെങ്കില്‍ അവര്‍ സമീപിക്കട്ടെയെന്ന് കോടതി പറഞ്ഞു, അഖില ഭാരത ഹിന്ദു മഹാസഭ കേരള ഘടകമാണ് ഹര്‍ജി നല്‍കിയത്.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിയെത്തുടര്‍ന്നാണ് സംഘടനയുടെ പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപ് നാഥ് ഹര്‍ജിയുമായി സമീപിച്ചത്. മുസ്ലിം പള്ളികളിലെ പ്രധാന ഹാളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ലെന്നും സാമൂഹ്യദ്രോഹികള്‍ ദുരുപയോഗം ചെയ്യുന്നതിനാലും സാമൂഹ്യ സുരക്ഷയ്ക്ക് വിഘാതമാണെന്നതിനാലും പര്‍ദ്ദ നിരോധിക്കണമെന്നുമായിരുന്നു ആവശ്യങ്ങള്‍.

ഇതേ ആവശ്യവുമായി ഇയാള്‍ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ മുസ്ലീം സ്ത്രീകള്‍ വിവേചനം നേരിടുന്നുവെന്ന് അധികാരികരമായും വിശദാംശങ്ങള്‍ സഹിതവും തെളിയിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്ന് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വിലയിരുത്തുകയും ഹര്‍ജി തള്ളുകയും ചെയ്തിരുന്നു. വില കുറഞ്ഞ പബ്ലിസിറ്റിക്കു വേണ്ടിയാണ് ഹര്‍ജിയെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.