വാരാണസിയില്‍ പത്രിക തള്ളിയ സംഭവം; തേജ് ബഹാദൂറിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: വാരാണസിയിലെ നാമനിര്ദേശ പത്രിക തള്ളിയതിനെതിരെ മുന് ബിഎസ്എഫ് ജവാന് തേജ് ബഹാദൂര് നല്കിയ ഹര്ജി സുപ്രീം കോടതി തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ എസ്പി-ബിഎസ്പി സഖ്യമാണ് തേജ് ബഹാദൂറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്കും രാജ്യത്തോട് കൂറുകാണിക്കാത്തവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നാണ് നാമനിര്‍ദേശ പത്രിക തള്ളിക്കൊണ്ട് തെരഞ്ഞെടുപ്പു കമ്മീഷന്‍ ചൂണ്ടിക്കാട്ടിയത്. അഴിമതി കേസിലാണോ സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചോദ്യത്തിന് അതേ എന്ന് മറുപടി നല്‍കിയ തേജ് ബഹാദൂര്‍ പിന്നീട് തനിക്ക് പിഴവു പറ്റിയതാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
തേജ് ബഹാദൂറിന്റെ ഹര്‍ജിയിലെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് ഇന്നലെ സുപ്രീം കോടതി തെരഞ്ഞെടുപ്പു കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധി വരുന്നത്.