ഉന്നാവോ പെണ്കുട്ടിയെയും അഭിഭാഷകനെയും എയിംസിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി: അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവോ പെണ്കുട്ടിയെയും അഭിഭാഷകനെയും ഡല്ഹി എയംസിലേക്ക് മാറ്റാന് സുപ്രീം കോടതിയുടെ ഉത്തരവ്. ലഖനൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് ഇരുവരും ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഉന്നാവോ ബലാല്‍സംഗവുമായി ബന്ധപ്പെട്ട കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു.
പെണ്‍കുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ച കാര്‍ ജൂലൈ 28നാണ് അപകടത്തില്‍ പെട്ടത്. അമിതവേഗത്തിലെത്തിയ ട്രക്ക് കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ മരിച്ചിരുന്നു. ട്രക്കിന്റെ നമ്പര്‍ മറച്ച നിലയിലായിരുന്നു.
ഉത്തര്‍പ്രദേശ് എംഎല്‍എയായ കുല്‍ദീപ് സെന്‍ഗാറാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്. അപകടത്തിന് പിന്നാലെ ഇയാള്‍ക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. സിബിഐ ആണ് കേസ് അന്വേഷിക്കുന്നത്.