ബിഹാറില്‍ മാധ്യമപ്രവര്ത്തകന് വെടിയേറ്റു
പട്‌ന: ബിഹാറില്‍ മാധ്യമപ്രവര്ത്തകന് വെടിയേറ്റു. രാഷ്ട്രീയ സഹാറ ദിനപ്പത്രത്തില് മാധ്യമ പ്രവര്ത്തകനായ പങ്കജ് മിശ്രയ്ക്കാണ് വെടിയേറ്റത്. ആര്വാള് ജില്ലയില് വെച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണ് ഇദ്ദേഹത്തെ വെടിവെച്ചു വീഴ്ത്തിയത്. മിശ്രയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ഇദ്ദേഹത്തെ പട്‌ന മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം. ബംഗളൂരുവിലെ വീട്ടില്‍ വെച്ചാണ് അക്രമികള്‍ ഇവരെ വെടിവെച്ചു വീഴ്ത്തിയത്.
ബാങ്കില്‍ നിന്ന് ഇറങ്ങുകയായിരുന്ന പങ്കജ് മിശ്രയെ ബൈക്കിലെത്തിയ രണ്ട് പേര്‍ വെടിവെക്കുകയും കയ്യിലുണ്ടായിരുന്ന 1 ലക്ഷം രൂപ കവരുകയും ചെയ്തുവെന്നാണ് ആര്‍വാള്‍ പോലീസ് സൂപ്രണ്ട് അറിയിക്കുന്നത്. അക്രമികളിലൊരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.