കക്കൂസിനു മുന്നില് നില്‍ക്കുന്ന ചിത്രമില്ലെങ്കില്‍ ശമ്പളമില്ല; ഉത്തര്‍പ്രദേശില്‍ സര്ക്കാര് ഉദ്യോഗസ്ഥര്ക്ക് മുന്നറിയിപ്പ്
സീതാപൂര്‍: സ്വന്തം വീട്ടില് കക്കൂസ് നിര്മിച്ചതിന് തെളിവ് ഹാജരാക്കിയില്ലെങ്കില് ശമ്പളമില്ലെന്ന ഉത്തര്പ്രദേശില് സര്ക്കാര് ഉദ്യോഗസ്ഥര്ക്ക് മുന്നറിയിപ്പ്. സീതാപൂര് ജില്ലാ കളക്ടറാണ് ഈ ഉത്തരവ് നല്കിയിരിക്കുന്നത്. കക്കൂസിനു മുന്നില് നില്ക്കുന്ന ചിത്രം ഹാജരാക്കണമെന്നാണ് നിര്‍ദേശം.
സ്വച്ഛ് ഭാരത് അഭിയാന്‍ അനുസരിച്ച് പൊതുസ്ഥലങ്ങിലെ മലമൂത്ര വിസര്‍ജനത്തില്‍ നിന്ന് ജില്ലയെ പൂര്‍ണമായും മുക്തമാക്കുക എന്നതാണ് ലക്ഷ്യം. അതിനായി എല്ലാ വീടുകളിലും ശൗചാലയങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് പുതിയ നിര്‍ദേശമെന്നാണ് വിശദീകരണം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ വീടുകളില്‍ കക്കൂസിന് മുന്നില്‍ നില്ക്കുന്ന ചിത്രം ഹാജരാക്കുക മാത്രമല്ല, കക്കൂസ് നിര്‍മിച്ചതായി വ്യക്തമാക്കുന്ന രേഖയും നല്‍കണം. മെയ് 27ന് മുന്‍പായി ഇവ മേലുദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നാണ് ഉത്തരവ്. ഇത് പാലിക്കാത്തവരുടെ ശമ്പളം തടഞ്ഞുവെക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നു.