ചന്ദ്രയാന്‍ 2; നിര്‍ണായക ഘട്ടവും വിജയകരം, വിക്രം ലാന്‍ഡര്‍ വേര്‍പെട്ടു

ചന്ദ്രയാന് 2ന്റെ നിര്ണായക ഘട്ടം വിജയകരമായി പൂര്ത്തിയാക്കി.
 | 
ചന്ദ്രയാന്‍ 2; നിര്‍ണായക ഘട്ടവും വിജയകരം, വിക്രം ലാന്‍ഡര്‍ വേര്‍പെട്ടു

ബംഗളൂരു: ചന്ദ്രയാന്‍ 2ന്റെ നിര്‍ണായക ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ഓര്‍ബിറ്ററില്‍ നിന്ന് വിക്രം ലാന്‍ഡര്‍ വേര്‍പെടുത്തുന്ന ദൗത്യമാണ് ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കിയത്. മുന്‍ നിശ്ചയിച്ച അതേ സമയത്ത് ലാന്‍ഡര്‍ വേര്‍പെട്ടു. ഉച്ചയ്ക്ക് 1.15നായിരുന്നു ലാന്‍ഡര്‍ വേര്‍പെടുത്തിയത്. ഇനി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുകയെന്നതാണ് ദൗത്യത്തിലെ പ്രധാന ജോലി.

ഓര്‍ബിറ്റര്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തന്നെ തുടരും. ചന്ദ്രനില്‍ നിന്ന് കുറഞ്ഞ ദൂരം 119 കിലോമീറ്ററും കൂടിയ ദൂരം 127 കിലോമീറ്ററും വരുന്ന ഭ്രമണപഥത്തിലാണ് ഓര്‍ബിറ്റര്‍ ഇപ്പോള്‍ ഉള്ളത്. ലാന്‍ഡറിന്റെ ദൂരം ഓരോ ദിവസവും കുറച്ചു കൊണ്ടുവന്ന് സെപ്റ്റംബര്‍ 7ന് പുലര്‍ച്ചെയോടെ ചന്ദ്രനില്‍ ഇറങ്ങാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ലാന്‍ഡര്‍ കൈകാര്യം ചെയ്യുന്നതിനായി ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് ഒരു പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കും. വരും ദിവസങ്ങളില്‍ രണ്ട് തവണ വീതം ലാന്‍ഡറിന്‍ ഭ്രമണപഥം കുറയ്ക്കും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ലാന്‍ഡര്‍ ഇറങ്ങുക.

ലാന്‍ഡിംഗിനായി സുരക്ഷിതമായ സ്ഥലം കണ്ടെത്തേണ്ടതുണ്ട്. ഇതിന് ശേഷം എന്‍ജിന്‍ ഡീബൂസ്റ്റ് ചെയ്ത് വേഗം കുറച്ച് നാല് കാലില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യും. ലാന്‍ഡിംഗിലെ അവസാന 15 മിനിറ്റുകള്‍ നിര്‍ണായകമാണ്. ഐഎസ്ആര്‍ഒയ്ക്ക് മുന്നിലെ ഏറ്റവും നിര്‍ണായകമായ അടുത്ത ജോലിയാണ് ഇത്.