സീരിയല്‍ നടിയെ കാണാനില്ല; പരാതിയുമായി മാതാപിതാക്കള്‍
സീരിയല്‍ നടിയെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കള്‍.
Jun 27, 2019, 11:33 IST
| 
ഹൈദരാബാദ്: സീരിയല്‍ നടിയെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കള്‍. ലളിതയെന്ന തെലുങ്ക് സീരിയല്‍ നടിയെയാണ് കാണാതായെന്ന് പോലീസില്‍ പരാതി ലഭിച്ചത്. ഹൈദരാബാദിലെ എസ്ആര്‍ നഗറില്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്ന ജൂണ്‍ 17 മുതല്‍ കാണാനില്ലെന്ന് സഞ്ജീവ റെഡ്ഡി നഗര്‍ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ മാതാപിതാക്കള്‍ പറയുന്നു.
ജൂണ്‍ 17 മുതല്‍ നടിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അനന്തപൂര്‍ ജില്ലയില്‍ താമസിക്കുന്ന മാതാപിതാക്കള്‍ മകളെ ഫോണില്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് പരാതിയുമായി രംഗത്തെത്തിയത്.
ഹോസ്റ്റലില്‍ അന്വേഷിച്ചപ്പോള്‍ രണ്ടു മാസം മുമ്പ് ലളിത താമസം മാറിയെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.