ഹരിദ്വാറില്‍ മുസ്ലീം വംശഹത്യക്ക് ആഹ്വാനം നല്‍കി സന്യാസിമാരുടെ പ്രസംഗങ്ങള്‍; പരാതി ലഭിച്ചിട്ടും കേസെടുക്കാതെ പോലീസ്

 | 
Dharma Sansad

മുസ്ലീം വംശഹത്യ്ക് ആഹ്വാനവുമായി ഹരിദ്വാറില്‍ മതസമ്മേളനം. ധര്‍മ്മ സന്‍സദ് എന്ന പേരില്‍ നടന്ന സമ്മേളനത്തില്‍ സന്യാസിമാര്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് എതിരെ പോലീസ് കേസെടുക്കുന്നില്ലെന്നും പരാതിയുണ്ട്. തിങ്കളാഴ്ച അവസാനിച്ച മൂന്നു ദിവസത്തെ സമ്മേളനത്തില്‍ നടന്ന വിദ്വേഷ പ്രസംഗങ്ങള്‍ക്ക് എതിരെ തൃണമൂല്‍ നേതാവും വിവരാവകാശ പ്രവര്‍ത്തകനുമായ സാകേത് ഗോഖലേ പരാതി നല്‍കിയെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

മുന്‍പു വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി വിവാദത്തിലായിട്ടുള്ള യതി നരസംിഹാനന്ദ് ആണ് സമ്മേളനത്തിന്റെ സംഘാടകന്‍. ഹിന്ദു രക്ഷാസേനയിലെ പ്രബോധാനന്ദ ഗിരി,ബിജെപിയുടെ വനിതാ വിഭാഗം നേതാവായ ഉദിത ത്യാഗി, മറ്റൊരു വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യത്തിലുള്ള ബിജെപി നേതാവ് അശ്വിനി ഉപാധ്യായ തുടങ്ങിയവരാണ് വര്‍ഗ്ഗീയ വിദ്വേഷം നിറഞ്ഞ പ്രസംഗങ്ങള്‍ നടത്തിയതെന്ന് സാകേത് ഗോഖലേ പറയുന്നു.

എന്നാല്‍ വിഷയത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് അവകാശപ്പെടുന്നത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് ഹരിദ്വാര്‍ എസ്പി സ്വതന്ത്ര കുമാര്‍ സിംഗ് പറഞ്ഞു. ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്നാണ് പ്രബോധാനന്ദ ഗിരി പറഞ്ഞത്. ഇയാളുടെ പ്രസംഗത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ആ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുകയാണെന്നും അക്കാര്യത്തില്‍ ലജ്ജിക്കേണ്ട ആവശ്യം തനിക്കില്ലെന്നുമാണ് പ്രബോധാനന്ദ ഗിരി പ്രതികരിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പോലീസിനെ തനിക്ക് ഭയമില്ലെന്നും ഇയാള്‍ പറയുന്നു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രബോധാനന്ദ ഗിരി. യോഗിക്കൊപ്പമുള്ള ഇയാളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലുണ്ട്. മറ്റൊരു ചിത്രത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ ധാമി ഇയാളുടെ കാലില്‍ തൊട്ടു തൊഴുന്നത് കാണാം.

സാധ്വി അന്നപൂര്‍ണ്ണ എന്ന് അറിയപ്പെടുന്ന പൂജ ശകുന്‍ പാണ്ഡേ മുസ്ലീങ്ങള്‍ക്കെതിരെ ആയുധമെടുക്കാന്‍ ആവശ്യപ്പെടുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ഇന്ത്യയുടെ ഭരണഘടന തെറ്റാണെന്നും ഇന്ത്യക്കാര്‍ നാഥുറാം ഗോഡ്‌സെയെ ആരാധിക്കണമെന്നുമാണ് ഇവര്‍ എന്‍ഡിടിവിയോട് പ്രതികരിച്ചത്.  ഗോഡ്‌സെയായി മാറണമെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ വെടിവെച്ച് കൊലപ്പെടുത്തണമെന്നുമാണ് സ്വാമി ധരംദാസ് മഹാരാജ് എന്നയാള്‍ പ്രസംഗിച്ചത്.