ചീഫ് ജസ്റ്റിസിനെതിരായി ഉയര്‍ന്ന ലൈംഗിക പീഡന പരാതി തള്ളി

ആരോപണം അടിസ്ഥാന രഹിതമാണെന്ന് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തി.
 | 
ചീഫ് ജസ്റ്റിസിനെതിരായി ഉയര്‍ന്ന ലൈംഗിക പീഡന പരാതി തള്ളി

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതി തള്ളി. ആഭ്യന്തര അന്വേഷണ സമിതിയാണ് പരാതി തള്ളിയത്. ആരോപണം അടിസ്ഥാന രഹിതമാണെന്ന് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തി. ഏപ്രില്‍ 19ന് ഒരു മുന്‍ സുപ്രീം കോടതി ജീവനക്കാരി നല്‍കിയ പരാതിയിലെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സമിതി കണ്ടെത്തിയതായി സുപ്രീം കോടതി പ്രസ്താവനയില്‍ അറിയിച്ചു.

ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര തുടങ്ങിയവരായിരുന്നു ജസ്റ്റിസ് ബോബ്‌ഡെയ്ക്കു പുറമേ സമിതിയിലെ മറ്റ് അംഗങ്ങള്‍. സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കേണ്ടതില്ലെന്നും പാനല്‍ വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സമിതിക്കു മുന്നില്‍ ഹാജരായത്. പാനലില്‍ നിന്ന് നീതി കിട്ടില്ലെന്ന് ആരോപിച്ച് പരാതിക്കാരിയായ സ്ത്രീ അന്വേഷണത്തില്‍ നിന്ന് ചൊവ്വാഴ്ച പിന്‍മാറിയിരുന്നു.

ആഭ്യന്തര അന്വേഷണ സമിതിയുടെ സമീപനം ഭയപ്പെടുത്തുന്നതായിരുന്നുവെന്നാണ് യുവതി ആരോപിച്ചത്. തനിക്ക് അഭിഭാഷകനെ നിയോഗിക്കാനുള്ള അനുമതി പോലും നിഷേധിക്കപ്പെട്ടുവെന്നും അവര്‍ പരാതിപ്പെടുന്നു. ആരോപണം ഉയര്‍ന്നപ്പോള്‍ പ്രത്യേക സിറ്റിംഗ് നടത്തി ജസ്റ്റിസ് ഗോഗോയ് ആരോപണം നിഷേധിച്ചിരുന്നു. സുപ്രധാന കേസുകള്‍ പരിഗണിക്കാനിരിക്കെ തനിക്കെതിരെ നടന്ന ഗൂഢാലോചനയാണ് ആരോപണത്തിനു പിന്നിലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.