ആര്‍ട്ടിക്കിള്‍ 370 എക്കാലത്തും തുടരേണ്ടതാണെന്ന അഭിപ്രായമില്ലെന്ന് ശശി തരൂര്‍; രാമക്ഷേത്രത്തോട് എതിര്‍പ്പില്ല

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന തുറന്നു പറച്ചിലുമായി വീണ്ടും ശശി തരൂര്. ആര്‍ട്ടിക്കിള്‍ 370 എക്കാലവും തുടരണമെന്ന അഭിപ്രായമില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. മറ്റ് മതസ്ഥരുടെ ആരാധന തടസപ്പെടുത്താത്ത വിധത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും തരൂര്‍ വ്യക്തമാക്കി. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂരിന്റെ തുറന്നു പറച്ചില്‍. മോദി അനുകൂല പ്രസ്താവനകള്‍ വിവാദമായതിന് തൊട്ടു പിന്നാലെയാണ് പുതിയ പരാമര്‍ശങ്ങള്‍.
ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എക്കാലവും നിലനിര്‍ത്താന്‍ ഉദ്ദേശിച്ചായിരുന്നില്ല കൊണ്ടുവന്നത് എന്നതാണ് താന്‍ കരുതുന്നത്. അത് എത്ര കാലം അനിവാര്യമായിരുന്നോ, അത്രയും കാലം നിലനിര്‍ത്തേണ്ടതായിരുന്നുവെന്നായിരുന്നു നെഹ്‌റുവിന്റെ കാഴ്ചപ്പാടെന്നും തരൂര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും നടപ്പാക്കുകയും ചെയ്തത് ഭരണഘടനയ്ക്ക് നിരക്കാത്ത വിധത്തിലാണ്.
പാക് അധീന കാശ്മീരിലും ഗില്‍ജിത് ബാള്‍ട്ടിസ്ഥാനിലും പാകിസ്ഥാന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് സമാനമാണ് ഇന്ത്യ ജമ്മു കാശ്മീരില്‍ ചെയ്യുന്നതെന്നും തരൂര്‍ പറഞ്ഞു. അയോധ്യയിലെ ചരിത്രം പരിശോധിച്ചാല്‍ അവിടെയൊരു ക്ഷേത്രം ഉണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. അവിടത്തെ ജനങ്ങളുടെ വിശ്വാസം അതൊരു രാമക്ഷേത്രമായിരുന്നുവെന്നാണ്. മറ്റ് സമുദായങ്ങളുടെ ആരാധനാലയങ്ങള്‍ നശിപ്പിക്കാതെ അവിടെ ക്ഷേത്രം ആവശ്യമാണെന്നും തരൂര്‍ വ്യക്തമാക്കി.