സുനന്ദ പുഷ്‌കര്‍ കേസ്; അറസ്റ്റ് ഒഴിവാക്കാന്‍ ശ്രമങ്ങളുമായി ശശി തരൂര്; മുന്‍കൂര്‍ ജാമ്യം തേടി
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച കേസില് ശശി തരൂര് മുന്കൂര് ജാമ്യത്തിന് ഹര്ജി നല്കി. കോടതിയില് ഹാജരാകണമെന്ന് തരൂരിനോട് വെള്ളിയാഴ്ച കോടതി ആവശ്യപ്പെട്ടിരുന്നു. പോലീസ് നല്കിയ കുറ്റപത്രത്തില് ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണയ്ക്കുള്ള വകുപ്പുകള് ചുമത്തിയിരുന്നു. തരൂരിനെതിരെ നടപടിയെടുക്കാന് മതിയായ കാരണങ്ങളുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യത്തിന് തരൂര്‍ ശ്രമിക്കുന്നതെന്നാണ് സൂചന. 3000 പേജുള്ള കുറ്റപത്രത്തില്‍ തരൂര്‍ മാത്രമാണ് പ്രതിസ്ഥാനത്തുള്ളത്. പാകിസ്ഥാനി ജേര്‍ണലിസ്റ്റ് മെഹര്‍ തരാറുമായി തരൂരിന് ബന്ധമുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണമുന്നയിച്ച് രണ്ടു ദിവസത്തിനു ശേഷമാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും തനിക്ക് ജീവിച്ചിരിക്കാന്‍ താല്‍പര്യമില്ലെന്ന് തരൂരിന് അയച്ച ഇമെയിലില്‍ അവര്‍ സൂചിപ്പിച്ചിരുന്നെന്നും കുറ്റപത്രം പറയുന്നു.
സുനന്ദയുടെ ഫോണ്‍ കോളുകള്‍ തരൂര്‍ അവഗണിക്കുകയായിരുന്നു. മരണത്തിന്റെ തലേന്നു പോലും കോളുകള്‍ തരൂര്‍ എടുക്കാതെ കട്ട് ചെയ്യുകയായിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ ബന്ധപ്പെടാന്‍ സുനന്ദ ശ്രമിച്ചെങ്കിലും ആ മെസേജുകളും അവഗണിക്കപ്പെട്ടുവെന്നും കുറ്റപത്രം ആരോപിക്കുന്നു.
ആദ്യം കൊലപാതകത്തിന് കേസെടുത്ത ഡല്‍ഹി പോലീസ് മൂന്ന് വര്‍ഷത്തെ അന്വേഷണത്തിനു ശേഷമാണ് സുനന്ദ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ വിശദീകരിച്ചത്. ആത്മഹത്യാ പ്രേരണയ്ക്കും ഗാര്‍ഹിക പീഡനത്തിനുമാണ് തരൂരിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ,