ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

കോണ്ഗ്രസ് നേതാവും ഡല്ഹി മുന് മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് അന്തരിച്ചു.
 | 
ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യാശുപത്രിയില്‍ വെച്ചാണ് അന്ത്യം. 81 വയസായിരുന്നു. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

1998 മുതല്‍ 2013 വരെ മൂന്നു വട്ടം തുടര്‍ച്ചയായി ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. ഇക്കാലയളവില്‍ ഡല്‍ഹി മെട്രോ ഉള്‍പ്പെടെ ഡല്‍ഹിയുടെ മുഖച്ഛായ മാറ്റുന്ന നിരവധി പദ്ധതികള്‍ ആരംഭിച്ചു. രാജീവ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭകളില്‍ അംഗമായിരുന്നു.

ഗാന്ധി കുടുംബവുമായി അടുപ്പം കാത്തുസൂക്ഷിച്ചിരുന്ന ഷീല സോണിയയുടെയും അടുത്ത സുഹൃത്തായിരുന്നു. അഞ്ചുമാസം കേരളാ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.