മോഡി യുഗത്തിലും സവര്ക്കര്ക്ക് ഭാരതരത്‌ന നല്‍കാത്തത് ദൗര്‍ഭാഗ്യകരമെന്ന് ശിവസേന
മുംബൈ: നരേന്ദ്ര മോഡി യുഗത്തിലും സവര്ക്കര്ക്ക് ഭാരതരത്ന നിഷേധിക്കുന്നത് ദൗര്ഭാഗ്യകരമെന്ന് ശിവസേന. ഇന്ത്യന് സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകം എന്നാണ് ശിവസേന സവര്ക്കറെ വിശേഷിപ്പിച്ചത്. ഭൂപന് ഹസാരികയ്ക്ക് ഭാരതരത്ന നല്കിയത് തെറ്റായിപ്പോയെന്നും ഇത് വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണെന്നും ശിവസേന പറയുന്നു. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപിയുടെ സഖ്യകക്ഷിയായ വി.ഡി.സവര്ക്കര്ക്ക് ഭാരതനരത്ന കൊടുക്കണമെന്ന ആവശ്യം ദീര്ഘകാലമായി ഉന്നയിച്ചു വരികയാണ്.
ശിവസേനയുടെ രാജ്യസഭാംഗമായ സഞ്ജയ് റാവത്ത് ഇക്കാര്യം ഉന്നയിച്ച് നേരത്തേ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. മുന്‍ ഗവണ്‍മെന്റുകള്‍ സവര്‍ക്കറെ കടുത്ത ഹിന്ദുത്വ നിലപാടുകളുടെ പേരു പറഞ്ഞ് മനഃപൂര്‍വം ഒഴിവാക്കുകയായിരുന്നുവെന്നും എന്‍ഡിഎ ഗവണ്‍മെന്റ് ഈ തെറ്റുതിരുത്തി സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണമെന്നുമായിരുന്നു കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
കോണ്‍ഗ്രസ് ഭരണകാലത്തിനിടയില്‍ സവര്‍ക്കര അപമാനിക്കുകയായിരുന്നു. എന്നാല്‍ മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ എന്താണ് ചെയ്തത്? പ്രതിപക്ഷത്തായിരുന്നപ്പോള്‍ സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണമെന്ന് ബിജെപി ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ രാമക്ഷേത്രവും നിര്‍മിച്ചില്ല, സവര്‍ക്ക് ഭാരതരത്‌നയും ലഭിച്ചില്ല എന്നതാണ് അവസ്ഥയാണെന്ന് ആര്‍എസ്എസ് മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയല്‍ പറയുന്നു.
മോഡി കഴിഞ്ഞ മാസം ആന്‍ഡമാനില്‍ പോയിരുന്നു. സവര്‍ക്കര്‍ തടവില്‍ കിടന്ന സെല്ലുലാര്‍ ജയില്‍ സന്ദര്‍ശിക്കുകയും ധ്യാനിക്കുകയും ചെയ്തു. പക്ഷേ അതെല്ലാം തിരയെടുത്തുവെന്ന പരിഹാസവും സാമ്‌ന ഉന്നയിക്കുന്നു.