ജയിലിലടക്കേണ്ട കുറ്റമാണ് ചെയ്തത്; അസം പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്

അസം പൗരത്വ രജിസ്റ്റര് തയ്യാറാക്കിയ ഉദ്യോഗസ്ഥര്ക്ക് സുപ്രീം കോടതിയുടെ താക്കീത്. എന്ആര്സി കോര്ഡിനേറ്റര് പ്രതീക് ഹജേല, രജിസ്ട്രാര് ജനറലും സെന്സസ് കമ്മീഷണറുമായ സൈലേഷ് എന്നിവരെയാണ് കോടതി താക്കീത് ചെയ്തത്. ഇരുവരും ജയിലിലടക്കേണ്ട കുറ്റമാണ് ചെയ്തതെന്ന് സുപ്രീം കോടതി പറഞ്ഞു. പൗരത്വ രജിസ്റ്റര് സംബന്ധിച്ച് മാധ്യമങ്ങള്ക്കു മുന്നില് അഭിപ്രായ പ്രകടനം നടത്തിയതിനാണ് താക്കീത്.
 | 

ജയിലിലടക്കേണ്ട കുറ്റമാണ് ചെയ്തത്; അസം പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്

ന്യൂഡല്‍ഹി: അസം പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്. എന്‍ആര്‍സി കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേല, രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറുമായ സൈലേഷ് എന്നിവരെയാണ് കോടതി താക്കീത് ചെയ്തത്. ഇരുവരും ജയിലിലടക്കേണ്ട കുറ്റമാണ് ചെയ്തതെന്ന് സുപ്രീം കോടതി പറഞ്ഞു. പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച് മാധ്യമങ്ങള്‍ക്കു മുന്നില്‍ അഭിപ്രായ പ്രകടനം നടത്തിയതിനാണ് താക്കീത്.

പൗരത്വ രജിസ്റ്ററിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുള്ളത് കൊണ്ട് മാത്രം അത് ചെയ്യുന്നില്ലെന്നും കോടതി വ്യക്തമാക്കി. പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയപ്പോള്‍ 40 ലക്ഷം പേരാണ് ഇന്ത്യന്‍ പൗരത്വത്തില്‍ നിന്ന് പുറത്തായത്. ഇതേത്തുടര്‍ന്ന് അസമില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നു വരികയാണ്. എന്‍ആര്‍സി പ്രക്രിയ അങ്ങേയറ്റം അപക്വമാണെന്ന് ഹജേല ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. പട്ടികയില്‍ നിന്ന് പുറത്തായ 40 ലക്ഷം പേരും നുഴഞ്ഞുകയറിയവരാണെന്ന് കരുതാനാകില്ലെന്ന അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനമാണ് കോടതിയെ ചൊടിപ്പിച്ചത്.

പൗരത്വ രജിസ്റ്ററിനുള്ള അന്തിമ പട്ടിക തയ്യാറാക്കുക എന്നത് മാത്രമാണ് നിങ്ങളുടെ ജോലിയെന്നും മാധ്യമങ്ങള്‍ക്ക് വിശദീകരണം നല്‍കല്‍ നിങ്ങളുടെ പണിയല്ലെന്നും കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചു. മാധ്യമങ്ങളോട് സംസാരിക്കാന്‍ ഇനി കോടതിയുടെ അനുവാദം വാങ്ങിയിരിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.