പരാതി പറയാനെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറി സിദ്ധരാമയ്യ

ബംഗളൂരു: പരാതി പറയാനെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കര്ണാടക മുന് മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ സിദ്ധരാമയ്യ വിവാദത്തില്. മകന് യതീന്ദ്രയുടെ മണ്ഡലമായ വരുണയിലാണ് സംഭവമുണ്ടായത്. ജനസമ്പര്ക്ക പരിപാടിയില് എംഎല്എയെ കാണാനില്ലെന്നും സര്ക്കാര് ഓഫീസുകളില് ഉദ്യോഗസ്ഥരില്ലെന്നും യുവതി മൈക്കിലൂടെ പരാതി പറഞ്ഞു.
ഇതോടെ മൈക്ക് തട്ടിപ്പറിക്കാന്‍ ശ്രമിച്ച സിദ്ധരാമയ്യ ഇവരോട് മിണ്ടാതിരിക്കാനും ആവശ്യപ്പെട്ടു. എംഎല്‍എയെ കാണാന്‍ അങ്ങോട്ട് പോകേണ്ടെന്നും തങ്ങള്‍ പറയുമ്പോള്‍ മാത്രം വന്നാല്‍ മതിയെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
ജെഡിഎസും കോണ്‍ഗ്രസുമായുള്ള തര്‍ക്കങ്ങള്‍ പുറത്തു വരികയും മുഖ്യമന്ത്രി കുമാരസ്വാമി രാജിവെക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെ പുറത്തു വന്ന സംഭവം വിവാദമായി മാറിയിരിക്കുകയാണ്.