കാശ്മീരില്‍ വീട്ടുതടങ്കലിലുള്ള യൂസഫ് തരിഗാമിയെ കാണാന്‍ യെച്ചൂരിക്ക് സുപ്രീം കോടതിയുടെ അനുമതി

ന്യൂഡല്‍ഹി: സിപിഎം എംഎല്എയും കേന്ദ്ര കമ്മിറ്റിയംഗവുമായ യൂസഫ് തരിഗാമിയെ കാശ്മീരില് സന്ദര്ശിക്കാന് സീതാറാം യെച്ചൂരിക്ക് സുപ്രീം കോടതിയുടെ അനുമതി. ഒരു സുഹൃത്ത് എന്ന നിലയില്‍ തരിഗാമിയെ കാണാമെന്നും കാണുന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെ ആകരുതെന്നും കോടതി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
യെച്ചൂരി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. കാശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്‍പായി തരിഗാമി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു. കാശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നത് വരെ തരിഗാമിയെ കുടുംബാംഗങ്ങള്‍ അല്ലാത്തവര്‍ കാണുന്നത് വിലക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഒരു പൗരന് മറ്റൊരു പൗരനെ കാണാനുള്ള അവകാശം തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
തരിഗാമിയെക്കുറിച്ച് വിവരമൊന്നും ഇല്ലെന്നും തരിഗാമിയെ കാണാന്‍ കാശ്മീരില്‍ പോയ തന്നെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ വെച്ച് തടഞ്ഞ് തിരിച്ചയച്ചുവെന്നും യെച്ചൂരി കോടതിയെ അറിയിച്ചിരുന്നു.