സുശാന്ത് സിംഗ് രാജ്പുതിന്റെ 5 ബന്ധുക്കള്‍ ഉള്‍പ്പെടെ 6 പേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ 5 ബന്ധുക്കള്‍ ഉള്‍പ്പെടെ 6 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന സുമോ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333 ല്‍ വച്ചായിരുന്നു സംഭവം. സുശാന്ത് സിംഗിന്റെ സഹോദരിയുടെ ഭര്‍ത്താവും ഹരിയാനയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനുമായ ഒ.പി സിംഗിന്റെ സഹോദരി ഗീതാ ദേവിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് പാട്‌നയില്‍ നിന്ന് മടങ്ങുകയായിരുന്നു ഇവര്‍. വാഹനത്തിന്റെ ഡ്രൈവറാണ് മരിച്ച ആറാമന്‍.
പത്തു പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ഗീതാ ദേവിയുടെ ഭര്‍ത്താവ് ലാല്‍ജീത് സിംഗ്, മക്കളായ അമിത് ശേഖര്‍, രാം ചന്ദ്രസിംഗ്, ബന്ധുക്കളായ ബേബി ദേവി, അനിത ദേവി, ഡ്രൈവര്‍ പ്രീതം കുമാര്‍ എന്നിവരാണ് മരിച്ചത്. എല്ലാവരും സംഭവസ്ഥലത്തു തന്നെ മരിച്ചതായി പോലീസ് അറിയിച്ചു. നാലു പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ജാമുയി ജില്ലയിലെ ഭണ്ഡാര്‍ ഗ്രാമത്തിലെ വീട്ടിലേക്കായിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്. എതിര്‍ദിശയില്‍ എത്തിയ ട്രക്കുമായി സുമോ കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.