ബിജെപിയില്‍ ചേര്‍ന്നതോടെ സുഖ നിദ്ര! അന്വേഷണമൊന്നും ഇല്ലെന്ന് മുന്‍ കോണ്‍ഗ്രസ് എംഎല്‍എ
ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം സുഖ നിദ്ര ലഭിക്കുന്നുണ്ടെന്ന് മഹാരാഷ്ട്രയിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ഹര്‍ഷവര്‍ദ്ധന്‍ പാട്ടീല്‍. ഇപ്പോള്‍ തനിക്കെതിരെ അന്വേഷണമൊന്നും ഇല്ലെന്നാണ് പാട്ടീല്‍ പറഞ്ഞത്. 2019ലെ തെരഞ്ഞെടുപ്പിന് മുന്‍പാണ് പൂനെയിലെ ഇന്താപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്ന പാട്ടീല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയത്.
സിബിഐ, ഇഡി, എന്‍സിബി തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ആക്രമിക്കുകയാണെന്ന ആരോപണം എന്‍സിപി തലവന്‍ ശരദ് പവാര്‍ ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത് സാധൂകരിക്കുന്ന പ്രസ്താവനയുമായി പാട്ടീല്‍ രംഗത്തെത്തിയിരിക്കുന്നത്.
പൂനെയിലെ മവാലില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് പാട്ടീല്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. തൊട്ടടുത്തിരുന്ന പ്രതിപക്ഷാംഗത്തോട് ബിജെപിയില്‍ ചേരണമെന്ന് പാട്ടീല്‍ ആവശ്യപ്പെട്ടു. എന്തുകൊണ്ട് താന്‍ ബിജെപിയില്‍ ചേരണമെന്ന് അദ്ദേഹം ചോദിച്ചു. ബിജെപിയില്‍ സമാധാനപരവും എളുപ്പവുമാണ് എല്ലാ കാര്യങ്ങളും എന്നും പാട്ടീല്‍ മറുപടി പറഞ്ഞു.