അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മൈക്കില്‍ നിന്ന് പുക; രാജ്യസഭ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: അല്‍ഫോന്‍സ് കണ്ണന്താനം എംപിയുടെ മൈക്കില് നിന്ന് പുക ഉയര്‍ന്നു. രാജ്യസഭയിലാണ് സംഭവമുണ്ടായത്. ഇതേത്തുടര്‍ന്ന് 15 മിനിറ്റ് നേരത്തേക്ക് സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. നാലാം നിരയിലാണ് കണ്ണന്താനം ഇരിക്കുന്നത്. സഭയില്‍ നടക്കുന്ന വോട്ടെടുപ്പുകള്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം കൂടി അടങ്ങിയ മൈക്കില്‍ നിന്നാണ് പുക വന്നത്.
ഇതേത്തുടര്‍ന്ന് കണ്ണന്താനം പരാതി അറിയിക്കുകയും സീറ്റില്‍ നിന്ന് മാറിയിരിക്കുകയും ചെയ്തു. അടുത്തിരിക്കുകയായിരുന്ന പര്‍ഷോത്തം റുപാലയും ഇരിപ്പിടം മാറി. ഇതോടെ സഭാധ്യക്ഷനായ വെങ്കയ്യ നായിഡു സഭ നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. തകരാര്‍ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് ഉപരാഷ്ട്രപതി നിര്‍ദേശം നല്‍കി.
രാജ്യസഭാ മുന്‍ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എസ്.ജയ്പാല്‍ റെഡ്ഡിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് സഭ ആരംഭിച്ചത്. നടപടിക്രമങ്ങളിലേക്ക് കടക്കുമ്പോഴാണ് പുക ഉയര്‍ന്നതായി ശ്രദ്ധയില്‍പ്പെട്ടത്.