സ്മൃതി ഇറാനിയുടെ സഹായിയുടെ കൊലപാതകം; ഏഴ് പേര്‍ അറസ്റ്റില്‍, കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വൈര്യമെന്ന് സൂചന

അമേഠി: സ്മൃതി ഇറാനിയുടെ അടുത്ത സഹായിയായ സുരേന്ദ്ര സിംഗിന്റെ കൊലപാതകത്തില് അഞ്ചുപേര് കൂടി പോലീസ് കസ്റ്റഡിയില്. വാസിം, നാസിം, ഗോലു, രാമചന്ദ്ര, ധര്മനാഥ ഗുപ്ത എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ കേസില് പിടിക്കപ്പെട്ടവരുടെ എണ്ണം 7 ആയി. നേരത്തെ സുരേന്ദ്ര സിംഗിന് വെടിയേറ്റ സ്ഥലത്ത് നിന്ന് വാസിം, നാസിം, ഗോലു, രാമചന്ദ്ര എന്നിവര് ഓടിപോകുന്നത് കണ്ടതായി സഹോദരന് പോലീസിന് മൊഴി നല്കിയിരുന്നു.
ബരോളിയ ഗ്രാമത്തിലെ മുന് ഗ്രാമ തലവന് കൂടിയായ സുരേന്ദ്ര സിംഗിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ രാഷ്ട്രീയ വൈര്യമാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുരേന്ദ്ര സിംഗ് ഗ്രാമത്തിലെ ചിലരുമായി വാക്‌പോരിലേര്‍പ്പെട്ടിരുന്നു. ഇതാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കൊലപാതകത്തിന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലവുമായി എന്തെങ്കിലും ബന്ധമുള്ളതായി സൂചനകളൊന്നും ലഭിച്ചിട്ടില്ല.
മെയ് 25 ശനിയാഴ്ച്ച രാത്രി 11.30 ഓടെയാണ് സംഭവം നടക്കുന്നത്. ബൈക്കിലെത്തിയ ഒരു സംഘം അക്രമികള്‍. വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന സുരേന്ദ്ര സിംഗിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുടെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന ബന്ധുക്കള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന സുരേന്ദ്രനെയാണ് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ അട്ടിമറിച്ച സ്മൃതി ഇറാനിയുടെ പ്രകടനത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് സുരേന്ദ്ര സിംഗ്.