മൈക്രോഫിനാന്‍സ് തട്ടിപ്പ്; സുഭാഷ് വാസു പ്രസിഡന്റായ എസ്എന്‍ഡിപി മാവേലിക്കര താലൂക്ക് യൂണിയന്‍ പിരിച്ചു വിട്ടു

ആലപ്പുഴ: എസ്എന്‍ഡിപിയിലെ വിമത നീക്കത്തിന് തിരിച്ചടിച്ച് വെള്ളാപ്പള്ളി. ബിഡിജെഎസ് നേതാവും സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനുമായ സുഭാഷ് വാസു പ്രസിഡന്റായ മാവേലിക്കര എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ ഭരണസമിതി പിരിച്ചുവിട്ടു. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് നടപടിയെടുത്തത്. വെള്ളാപ്പള്ളിയുടെ മുന്‍ വിശ്വസ്തനായ സുഭാഷ് വാസുവിന്റെ നേതൃത്വത്തിലാണ് വിമത നീക്കം നടന്നത്.
ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 23-ാം തിയതിയാണ് ഭരണസമിതി പിരിച്ചുവിട്ടത്. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ ആരോപണ വിധേയനാണ് സുഭാഷ് വാസു. ഈ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി. നോട്ട് നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണവും കേസുകളും സുഭാഷ് വാസുവിന് നേരെ ഉയര്‍ന്ന സാഹചര്യത്തിലാണ് യൂണിയന്‍ പിരിച്ചു വിടുന്നതെന്ന് എസ്എന്‍ഡിപി വിശദീകരിച്ചു.
മൈക്രോഫിനാന്‍സ് കേസില്‍ സുഭാഷ് വാസു ഒന്നാം പ്രതിയും യൂണിയന്‍ സെക്രട്ടറി സുരേഷ് ബാബു രണ്ടാം പ്രതിയുമാണ്. ഈ കേസുമായി ബന്ധപ്പെട്ട് സുഭാഷ് വാസുവും വെള്ളാപ്പള്ളിയുമായി തര്‍ക്കം രൂക്ഷമായിരുന്നു. ഇതിനിടെ ബിജെപിയുടെ ആശീര്‍വാദത്തോടെയാണ് എസ്എന്‍ഡിപിക്കുള്ളില്‍ വിമത നീക്കം നടന്നതെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. വെള്ളാപ്പള്ളിക്കെതിരായ നിലപാടുമായി ടി.പി.സെന്‍കുമാറും രംഗത്തെത്തിയിരുന്നു.