പതിനാലുകാരിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചുവെന്ന് ആരോപണം; നടി ഭാനുപ്രിയക്കെതിരെ കേസ്

ചെന്നൈ: പതിനാലുകാരിയായ പെണ്കുട്ടിയെ വീട്ടുജോലിക്ക് നിര്ത്തി പീഡിപ്പിച്ചതിന് നടി ഭാനുപ്രിയക്കെതിരെ കേസെടുത്തു. ആന്ധ്രാപ്രദേശ് സ്വദേശിനിയായ പെണ്കുട്ടിയെയാണ് നടി വീട്ടുജോലിക്ക് നിര്ത്തിയിരുന്നത്. കുട്ടിക്ക് കഴിഞ്ഞ ഒന്നര വര്ഷമായി ശമ്പളം നല്കാതെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ഈസ്റ്റ് ഗോദാവരി സ്വദേശിനിയായ കുട്ടിയുടെ മാതാവ് പ്രഭാവതി എന്ന യുവതിയാണ് നടിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
മാസം 10,000 രൂപയായിരുന്നു ശമ്പളമായി പറഞ്ഞുറപ്പിച്ചിരുന്നത്. എന്നാല്‍ ഈ ശമ്പളം ഭാനുപ്രിയ നല്‍കിയില്ല. പതിനെട്ടു മാസമായി ശമ്പളം നല്‍കാതെ നടി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് ചെന്നൈയിലെ സമാല്‍കോട്ട് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഇവര്‍ പറയുന്നു. ഒരു ഏജന്റ് മുഖേനയാണ് കുട്ടി നടിയുടെ വീട്ടില്‍ ജോലിക്കെത്തുന്നത്. 14 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ ജോലിക്ക് നിര്‍ത്തുന്നത് രണ്ടു വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
അതേസമയം, പെണ്‍കുട്ടിക്കെതിരെ ഭാനുപ്രിയ മോഷണക്കുറ്റം ആരോപിച്ച് സമാല്‍കോട്ട് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കള്‍ കുട്ടി മോഷ്ടിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പ്രായം തനിക്ക് അറിയില്ലെന്നും പരാതി നല്‍കുമെന്ന് പറഞ്ഞപ്പോളാണ് തനിക്കെതിരെ ആരോപണവുമായി ഇവര്‍ രംഗത്തെത്തിയതെന്നും ഭാനുപ്രിയ പ്രതികരിച്ചു.