ആശയവിനിമയം ഇംഗ്ലീഷ് അല്ലെങ്കില്‍ ഹിന്ദിയില്‍ മതി; കര്‍ശന നിര്‍ദേശം നല്കി ദക്ഷിണ റെയില്‍വേ

ന്യൂഡല്‍ഹി: ഔദ്യോഗിക ആശയവിനിമയം ഇംഗ്ലീഷ് അല്ലെങ്കില്‍ ഹിന്ദിയില്‍ മാത്രം മതിയെന്ന് സ്റ്റേഷന് മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്കി ദക്ഷിണ റെയില്‍വേ. ഡിവിഷണല്‍ കണ്ട്രോള് ഓഫീസും സ്റ്റേഷന് മാസ്റ്റര്‍മാര്‍ക്കും ഇടയിലുള്ള ആശയവിനിമയത്തില്‍ നിന്ന് പ്രാദേശിക ഭാഷകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസാരിക്കുന്നത് വ്യക്തമായി മനസിലാക്കുന്നത് ലക്ഷ്യമിട്ടാണ് നിര്‍ദേശമെന്ന് ചീഫ് ട്രാന്സ്പോര്ട്ടേഷന് പ്ലാനിംഗ് മാനേജര്‍ ആര്.ശിവ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.
ചെന്നൈ ഡിവിഷനു കീഴിലുള്ള സെക്ഷന്‍ കണ്ട്രോളര്മാര്, ട്രാഫിക് ഇന്‍സ്പെക്ടര്‍മാര്‍, സ്റ്റേഷന് മാസ്റ്റര്‍മാര്‍ എന്നിവര്‍ക്കാണ് സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്. സ്റ്റേഷന് മാസ്റ്റര്‍മാരും കണ്ട്രോള് ഓഫീസുകള്ക്കുമിടയിലെ ആശയവിനിമയം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. സ്റ്റേഷന് മാസ്റ്റര്‍മാര്‍ക്ക് നല്കുന്ന നിര്‍ദേശങ്ങള്‍ വ്യക്തമാണെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം കണ്ട്രോള് ഓഫീസിനുണ്ടെന്ന് സര്‍ക്കുലര്‍ പറയുന്നു.
റെയില്‍വേ സിഗ്നലുകള്‍ തെറ്റാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് ദക്ഷിണ റെയില്‍വേ ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ഗജാനന്‍ മല്യ പറഞ്ഞുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.