എസ്പി-ബിഎസ്പി സഖ്യം; നിരാശയില്ലെന്ന് രാഹുല് ഗാന്ധി; യുപിയില്‍ ബിജെപി ജയിക്കില്ല
ദുബായ്: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്ട്ടിയും ബിഎസ്പിയും ചേര്ന്ന് രൂപീകരിച്ച സഖ്യത്തില് നിരാശയില്ലെന്ന് രാഹുല് ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പില് കോണ്ഗ്രസ് പൂര്ണ്ണ ശേഷിയില് മത്സരിക്കുമെന്നും ബിജെപി യുപിയില് വിജയിക്കില്ലെന്നും രാഹുല് പറഞ്ഞു. കോണ്ഗ്രസിനെ ഒഴിവാക്കിയാണ് എസ്പിയും ബിഎസ്പിയും സഖ്യം പ്രഖ്യാപിച്ചത്.
ഇരു പാര്‍ട്ടികളുടെയും നേതാക്കളോട് ബഹുമാനമുണ്ടെന്നും തീരുമാനങ്ങളെടുക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്നും രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതൊരു രാഷ്ട്രീയ തീരുമാനമാണ്. ഉത്തര്‍ പ്രദേശില്‍ കൂടുതല്‍ ശക്തമാകാന്‍ ഇനി കോണ്‍ഗ്രസാണ് പ്രവര്‍ത്തിക്കേണ്ടതെന്നും രാഹുല്‍ വ്യക്തമാക്കി.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കാണോ മുന്നണിയായാണോ മത്സരിക്കുക എന്ന കാര്യത്തില്‍ രാഹുല്‍ പ്രതികരണം നടത്തിയില്ല. എങ്ങനെയായാലും ബിജെപിക്ക് സീറ്റുകളൊന്നും കിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു. എസ്പിയുടെയും ബിഎസ്പിയുടെയും കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള നീക്കം അപകടകരമാണെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി പറഞ്ഞിരുന്നു.