തെലങ്കാന ഹയര്‍സെക്കന്‍ഡറിയില്‍ കൂട്ടത്തോല്‍വി; 19 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു

തെലങ്കാനയില് ഹയര്സെക്കന്ഡറിയില് കൂട്ടത്തോല്വി. പ്ലസ് വണ്, പ്ലസ് ടു പരീക്ഷകളെഴുതിയ 9.74 ലക്ഷം വിദ്യാര്ത്ഥികളില് 3.28 ലക്ഷം വിദ്യാര്ത്ഥികള് പരാജയപ്പെട്ടു.
 | 
തെലങ്കാന ഹയര്‍സെക്കന്‍ഡറിയില്‍ കൂട്ടത്തോല്‍വി; 19 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: തെലങ്കാനയില്‍ ഹയര്‍സെക്കന്‍ഡറിയില്‍ കൂട്ടത്തോല്‍വി. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളെഴുതിയ 9.74 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 3.28 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരാജയപ്പെട്ടു. തോല്‍വിയില്‍ നിരാശരായ 19 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതോടെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. തോറ്റ കുട്ടികളുടെ ഉത്തര പേപ്പറുകള്‍ പുനഃപരിശോധിക്കണമെന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു.

ഒന്നാം വര്‍ഷ ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പല വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷ പരീക്ഷയില്‍ ദയനീയമായി പരാജയപ്പെട്ടുവെന്നാണ് വിവരം. പൂജ്യം മാര്‍ക്ക് കിട്ടിയവരും ഏറെയാണ്. ഏപ്രില്‍ 18നാണ് പരീക്ഷാഫലം പുറത്തു വന്നത്. അന്നു മുതല്‍ 19 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്.

വിദ്യാര്‍ത്ഥികളും മാതാപിതാക്കളും സംസ്ഥാന പരീക്ഷാ ബോര്‍ഡ് ആസ്ഥാനത്ത് പ്രതിഷേധിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഇടപെട്ടു. ഉത്തരക്കടലാസുകള്‍ അടിയന്തരമായി പുനര്‍ മൂല്യനിര്‍ണ്ണയം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി എട്ടു ക്യാംപുകള്‍ ഏര്‍പ്പെടുത്താനും തീരുമാനമായി.