ബുലന്ദ്ശഹറില്‍ കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടറുടെ ഫോണ്‍ കണ്ടെത്തി; കൊലപാതകം ആസൂത്രിതമെന്ന് സൂചന
ലക്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലുണ്ടായ കലാപത്തിനിടെ കൊല്ലപ്പെട്ട പോലീസ് ഇന്സ്പെക്ടര് സുബോധ് കുമാറിന്റെ മൊബൈല് ഫോണ് പോലീസ് കണ്ടെടുത്തു. കേസിലെ മുഖ്യപ്രതിയായ പ്രശാന്ത് നാട്ടിന്റെ വീട്ടില് നടത്തിയ മിന്നല് പരിശോധനയിലാണ് ഫോണ് കണ്ടെടുത്തിരിക്കുന്നത്. ഇന്സ്പെക്ടറുടെ കൂടാതെ 5ലധികം ഫോണുകള് ഇയാള് ഉപയോഗിച്ചിരുന്നതായി പോലീസിന് വ്യക്തമായിട്ടുണ്ട്. സുബോധ്കുമാറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നതിന് കൂടുതല് തെളിവ് ലഭിച്ചതായിട്ടാണ് പോലീസ് നല്കുന്ന സൂചന.
2018 ഡിസംബര്‍ മൂന്നിനായിരുന്നു ഗോവധം ആരോപിച്ച് ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ട ആക്രമണം നടന്നത്. കലാപത്തില്‍ സുബോധ് കുമാര്‍ സിംഗ് അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. സുബോധ് കുമാറിനെ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചിട്ടത് പ്രശാന്ത് നാട്ട് ആണെന്നാണ് പോലീസിന്റെ നിഗമനം. ഡല്‍ഹിയില്‍ ഓല ടാക്സി ഡ്രൈവറായ പ്രശാന്ത് നാട്ടിനെ ഡിസംബര്‍ 28നാണ് പൊലീസ് പിടികൂടിയത്. പശുവിറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ച് വയോധികനായ മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയ സംഭവം അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍.
സംഭവത്തില്‍ 27 പേര്‍ക്കെതിരെയാണ് സിയാന പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ബജ്രംഗ്ദള്‍ നേതാവും കേസിലെ മറ്റൊരു മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളുമായ യോഗേഷ് രാജിനെ ജനുവരി മൂന്നിന് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക കൃത്യം നിര്‍വ്വഹിച്ചെന്ന് സംശയിക്കുന്ന മൂന്ന് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിലൊരാള്‍ ഇന്ത്യന്‍ കരസേനാ ഉദ്യോഗസ്ഥനാണ്.