ആര്‍ബിഐ ഗവര്‍ണര്‍ നിയമനം തെറ്റ്; ശക്തികാന്ത ദാസിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: ഊര്‍ജിത് പട്ടേല് രാജിവെച്ച ഒഴിവില് റിസര്വ ബാങ്ക് ഗവര്ണറായി നിയമിതനായ ശക്തികാന്ത ദാസിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. മുന് ധനമന്ത്രി പി.ചിദംബരത്തിന്റെ അഴിമതി ഇടപാടുകളുടെ പങ്കാളിയാണ് ശക്തികാന്തയെന്നാണ് സ്വാമി ആരോപിക്കുന്നത്. ചിദംബരത്തെ കേസുകളില് നിന്ന് രക്ഷപ്പെടുത്താന് ശക്തികാന്ത ദാസ് ഇടപെട്ടുവെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
ശക്തികാന്തയുടെ നിയമനം തെറ്റായ നടപടിയാണെന്ന് സ്വാമി പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയതായും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്ന് മുന്‍ ധനകാര്യ ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസിനെ സര്‍ക്കാര്‍ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ചത്.
നോട്ട് നിരോധനത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്ന് അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണ് ശക്തികാന്ത. സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് ഊര്‍ജിത്ത് പട്ടേല്‍ രാജി വെച്ചത്.ഊര്‍ജിത്തിന്റെ രാജി ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഗുണകരമാകില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞിരുന്നു.