ഡേറ്റ നിരീക്ഷണ ഉത്തരവിന് സ്റ്റേയില്ല; കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടിസ്

ന്യൂഡല്‍ഹി: കേന്ദ്ര സര്ക്കാര് അവതരിപ്പിച്ച കമ്പ്യൂട്ടര്, സ്മാര്ട്ട് ഫോണ് ഡേറ്റ നിരീക്ഷണത്തിനുള്ള ഉത്തരവില് ഇടക്കാല സ്റ്റേയില്ല. സര്ക്കാര് ഉത്തരവ് ജനാധിപത്യ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമര്പ്പിച്ച ഹര്ജിയിലാണ് സുപ്രീം കോടതിയുടെ നടപടി. വിഷയത്തില് കേന്ദ്രത്തിന് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.
സര്‍ക്കാരിന്റെ മറുപടി കൂടി കേട്ട ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സര്‍ക്കാര്‍ നാലാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്റ്റേ ചെയ്യുന്ന കാര്യം ഇതിനു ശേഷം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
പത്ത് ഏജന്‍സികള്‍ക്കാണ് ഡേറ്റ നിരീക്ഷണത്തിന് അനുമതി നല്‍കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.