റാഫേലില്‍ പുറത്തു വന്നത് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട രേഖകളെന്ന് കേന്ദ്രം; എന്തു നടപടിയെടുത്തുവെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില് പുറത്തുവന്ന രേഖകള് മന്ത്രാലയത്തില് നിന്ന് മോഷ്ടിക്കപ്പെട്ടവയാണെന്ന് കേന്ദ്രസര്ക്കാര് സുപ്രീം കോടതിയില്. ഇവയാണ് കോടതിയില് സമര്പ്പിക്കപ്പെട്ടതെന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളായ ഇവ പരാതിക്കൊപ്പം സമര്പ്പിച്ചതിലൂടെ ഔദ്യോഗിക രഹസ്യ നിയമം ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും സര്ക്കാരിനു വേണ്ടി ഹാജരായ അറ്റോര്ണി ജനറല് കെ.കെ വേണുഗോപാല് വാദിച്ചു.
റാഫേല്‍ വിമാനങ്ങള്‍ രാജ്യത്തിന് എത്രയും വേഗം ലഭിക്കണമെന്നും പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങള്‍ക്കെതിരെ പോരാടാന്‍ ഇവ അത്യാവശ്യമാണെന്നും വേണുഗോപാല്‍ വാദിച്ചു. എന്നാല്‍ ഗുരുതരമായ അഴിമതി രാജ്യ സുരക്ഷയുടെ പേരു പറഞ്ഞ് മൂടിവെക്കാന്‍ ശ്രമിക്കുമോ എന്ന് ജസ്റ്റിസ് കെ.എം.ജോസഫ് ചോദിച്ചു. മോഷ്ടിച്ച രേഖകള്‍ പ്രസക്തമാണെന്ന് കണ്ടാല്‍ അത് പരിശോധിക്കാന്‍ കോടതിക്ക് കഴിയുമെന്നും ജസ്റ്റിസ് ജോസഫ് പറഞ്ഞു.
രേഖകള്‍ മോഷ്ടിച്ചുവെന്നത് ക്രിമിനല്‍ നടപടിയാണെന്നും ഈ ഹര്‍ജികളും വാദങ്ങളും അതിനെ അധികരിച്ചായതിനാല്‍ പുനഃപരിശോധനാ ഹര്‍ജി തള്ളണമെന്നും വേണുഗോപാല്‍ വാദിച്ചു. രേഖകള്‍ മോഷ്ടിച്ചതിന് ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയവര്‍ക്കെതിരെയും കേസെടുക്കേണ്ടതുണ്ട്. അതിനാലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതെന്നും അറ്റോര്‍ണി ജനറല്‍ ബോധിപ്പിച്ചു. എന്നാല്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു പ്രതി രേഖകള്‍ മോഷ്ടിച്ച് ഹാജരാക്കുന്നു. ഈ രേഖകള്‍ അനുസരിച്ച് പ്രതി നിരപരാധിയാണെങ്കില്‍ ജഡ്ജി ആ രേഖ സ്വീകരിക്കാതിരിക്കുകയാണോ വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
നിയമവിരുദ്ധമായി ലഭിച്ച രേഖകള്‍ പരിശോധിക്കരുതെന്ന് 2004ല്‍ ജസ്റ്റിസ് അരിജിത് പസായത്തിന്റെ വിധിയുണ്ടെന്ന് വേണുഗോപാല്‍ മറുവാദം ഉന്നയിച്ചു. രേഖയുടെ ഉറവിടെ വെളിപ്പെടുത്താനുള്ള ബാധ്യത പ്രതിക്കുണ്ടെന്നും എജി പറഞ്ഞു. രേഖകള്‍ പരിശോധിക്കാന്‍ പാടില്ലെന്ന വാദം ബോഫോഴ്‌സ് അഴിമതി ആരോപണത്തില്‍ ഉന്നയിക്കുമോ എന്ന ചോദ്യം ജസ്റ്റിസ് കെ.എം.ജോസഫ് ഉന്നയിച്ചു.
റാഫേല്‍ കേസിലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച് ഹര്‍ജികളാണ് സുപ്രീം കോടതി കേള്‍ക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടും അനുബന്ധ രേഖകളും സമര്‍പ്പിക്കാന്‍ പരാതിക്കാരനായ അഡ്വ.പ്രശാന്ത് ഭൂഷണ്‍ കോടതിയുടെ അനുവാദം തേടി. എന്നാല്‍ നേരത്തേ സമര്‍പ്പിച്ച രേഖകള്‍ മാത്രമാണ് പരിഗണിക്കുന്നത് എന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് പുതിയ രേഖകള്‍ സ്വീകരിക്കാന്‍ തയ്യാറായില്ല.
ഈ ഘട്ടത്തിലാണ് ഹിന്ദു ദിനപ്പത്രം ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്ന വാദവുമായി അറ്റോര്‍ണി ജനറല്‍ രംഗത്തെത്തിയത്. രഹസ്യ രേഖകള്‍ പ്രതിരോധന മന്ത്രാലയത്തില്‍ നിന്നും മോഷ്ടിച്ചു പുറത്തെത്തിച്ചത് നിലവില്‍ ജോലി ചെയ്യുന്നവരോ വിരമിച്ചവരോ ആയ ഉദ്യോഗസ്ഥരാണ്. ഇതേക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇത്തരം രേഖകള്‍ ഒരുതരത്തിലും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ പുറത്തെത്തിക്കാന്‍ പാടില്ല. കോടതിയില്‍ പരാതിക്കൊപ്പം നല്‍കുന്നതും അനുവദിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ പുനഃപരിശോധന ഹര്‍ജി തള്ളിക്കളയണമെന്നാണ് അറ്റോര്‍ണി ജനറല്‍ വാദിച്ചത്.