കര്‍ണാടക; വിമത എംഎല്‍എമാരുടെ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന്

വിമത എംഎല്എമാര് നല്കിയ ഹര്ജിയില് സുപ്രീം കോടതി ഇന്ന് വിധി പറയും.
 | 
കര്‍ണാടക; വിമത എംഎല്‍എമാരുടെ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. രാജിക്കത്ത് സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.

സ്പീക്കറെ കോടതിക്ക് തളയ്ക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഇന്നലെ നടന്ന വാദത്തില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. രാജിക്കത്തുകളില്‍ എങ്ങനെ തീരുമാനം എടുക്കണമെന്ന് നിര്‍ദേശിക്കാന്‍ കോടതിക്ക് കഴിയില്ല. അയോഗ്യരാക്കല്‍ നടപടി ആദ്യം ഉണ്ടാകണോ എന്ന വിഷയത്തില്‍ ഭരണഘടനാപരമായ എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടോ എന്ന് പരിശോധിക്കാന്‍ മാത്രമേ കോടതിക്ക് സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റോഹ്തഗി വാദിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. അയോഗ്യതാ വിഷയം സ്പീക്കറുടെ പരിഗണനയിലുണ്ടായിരുന്നപ്പോള്‍ എംഎല്‍എയ്ക്ക് രാജിവെക്കാന്‍ കേരള ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ടെന്ന് പി.സി.ജോര്‍ജിന്റെ കേസ് ഉദ്ധരിച്ച് റോഹ്തഗി പറഞ്ഞു. അയോഗ്യത സംബന്ധിച്ച ആവശ്യം നിലനില്‍ക്കുന്നു എന്ന കാരണത്താല്‍ സ്പീക്കര്‍ക്ക് രാജിക്കത്തില്‍ തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് പറയാനാകില്ലെന്നും റോഹ്തഗി വാദിച്ചു.

അതേസമയം അയോഗ്യത സംബന്ധിച്ച നടപടികള്‍ ആരംഭിച്ചത് രാജിക്കത്തുകള്‍ ലഭിക്കുന്നതിന് മുമ്പാണെന്ന് സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ അഭിഷേ് സിങ്‌വി വ്യക്തമാക്കി. വിപ്പ് ലംഘിച്ചാല്‍ അയോഗ്യത കല്‍പിക്കാം. അത് സ്പീക്കറുടെ ഭരണഘടനാപരമായ കടമയാണ്. ഭരണഘടനയനുസരിച്ച് അയോഗ്യത സംബന്ധിച്ച അപേക്ഷ ലഭിച്ചാല്‍ ഉടന്‍ അതില്‍ സ്പീക്കര്‍ക്ക് അന്വേഷണം നടത്തേണ്ടതുണ്ട്. അതിലെ ആദ്യ നടപടി സ്പീക്കര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ എംഎല്‍എയോട് ആവശ്യപ്പെടുക എന്നതാണ്. ആ നടപടി ആണ് ഇവിടെ നടക്കുന്നത്. അതിനിടയിലാണ് രാജിക്കത്ത് ലഭിക്കുന്നതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.