റഫാല്‍; സത്യവാങ്മൂലം നല്കാന് കൂടുതല് സമയം വേണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യം തള്ളി
ന്യൂഡല്‍ഹി: റഫാല്‍ പുനഃപരിശോധനാ ഹര്ജികളില് സത്യവാങ്മൂലം നല്കാന് കൂടുതല് സമയം നല്കണമെന്ന കേന്ദ്രസര്ക്കാര് ആവശ്യം സുപ്രീം കോടതി തള്ളി. നാലാഴ്ച സമയം അധികമായി വേണമെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ആവശ്യപ്പട്ടത്. നാലു ദിവസം നല്‍കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
കേസ് മെയ് 6ന് വീണ്ടും പരിഗണിക്കും. മെയ് 4നകം മറുപടി സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. റഫാല്‍ കേസില്‍ പുതിയ രേഖകള്‍ പരിഗണിക്കാമെന്ന് സുപ്രീം കോടതി ഏപ്രില്‍ 10ന് വ്യക്തമാക്കിയിരുന്നു. രേഖകള്‍ക്ക് വിശേഷാധികാരമുണ്ടെന്നും കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യ രേഖകളായ ഇവ ഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കരുതെന്നും സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി അത് തള്ളുകയായിരുന്നു.
റഫാലില്‍ പുറത്തു വന്ന രേഖകള്‍ പുനഃപരിശോധനാ ഹര്‍ജിയില്‍ പരിഗണിക്കാമെന്നായിരുന്നു കോടതി തീരുമാനിച്ചത്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളായതിനാല്‍ ഇവ പരിഗണിക്കരുതെന്നും കേന്ദ്രം വാദിച്ചിരുന്നു.