മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അന്തരിച്ചു
ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യ മന്ത്രിയും ഡല്ഹി മുഖ്യമന്ത്രിയുമായിരുന്ന സുഷമ സ്വരാജ് (67) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ വെച്ചാണ് അന്ത്യം. രാത്രി 10.20 ഓടെ ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ചു. 11 മണിയോടെയായിരുന്നു അന്ത്യമുണ്ടായത്. ഒന്നാം മോദി സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആരോഗ്യ കാരണങ്ങള്‍ മൂലം മത്സരിച്ചിരുന്നില്ല.
വാജ്പേയി സര്‍ക്കാരിലും സുഷമ മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്. 2009-14 കാലഘട്ടത്തില്‍ പ്രതിപക്ഷ നേതാവായിരുന്നു. 1953ല്‍ ഹരിയാനയിലെ അംബാലയില്‍ ജനിച്ച സുഷമ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും നിയമ ബിരുദവും നേടിയ ശേഷം സുപ്രീം കോടതി അഭിഭാഷകയായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് രാഷ്ട്രീയത്തിലെത്തിയത്.
1996 -ലാണ് ആദ്യമായി ദക്ഷിണ ഡല്‍ഹി മണ്ഡലത്തില്‍നിന്ന് ലോക്സഭയിലെത്തിയത്. 99-ല്‍ ബെല്ലാരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടു. 1998 ല്‍ ഡല്‍ഹി മുഖ്യമന്ത്രിയായി. ഏഴ് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് അംഗമാണ്.