സ്വാമി അഗ്നിവേശിന് ഡല്‍ഹിയില്‍ മര്‍ദ്ദനമേറ്റു; സംഭവം ബിജെപി ഓഫീസിന് സമീപം

സ്വാമി അഗ്നിവേശിന് വീണ്ടും മര്ദ്ദനമേറ്റു. ന്യൂഡല്ഹിയിലെ ബിജെപി ഓഫീസിന് സമീപത്തുവെച്ചാണ് ഒരു സംഘം അഗ്നിവേശിനെ മര്ദ്ദിച്ചത്. അന്തരിച്ച മുന് പ്രധാനമന്ത്രി വാജ്പേയിക്ക് ആദരാഞ്ജലികള് അര്പ്പിക്കാന് എത്തിയപ്പോളായിരുന്നു സംഭവം. ബിജെപി പ്രവര്ത്തകരാണ് 79കാരനായ സ്വാമി അഗ്നിവേശിനെ മര്ദ്ദിച്ചതെന്നാണ് കരുതുന്നത്. ജൂലൈ 17ന് ഝാര്ഖണ്ഡില് വെച്ച് അഗ്നിവേശിനെ സംഘപരിവാര് പ്രവര്ത്തകര് ആക്രമിച്ചിരുന്നു.
 | 

സ്വാമി അഗ്നിവേശിന് ഡല്‍ഹിയില്‍ മര്‍ദ്ദനമേറ്റു; സംഭവം ബിജെപി ഓഫീസിന് സമീപം

ന്യൂഡല്‍ഹി: സ്വാമി അഗ്നിവേശിന് വീണ്ടും മര്‍ദ്ദനമേറ്റു. ന്യൂഡല്‍ഹിയിലെ ബിജെപി ഓഫീസിന് സമീപത്തുവെച്ചാണ് ഒരു സംഘം അഗ്നിവേശിനെ മര്‍ദ്ദിച്ചത്. അന്തരിച്ച മുന്‍ പ്രധാനമന്ത്രി വാജ്‌പേയിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയപ്പോളായിരുന്നു സംഭവം. ബിജെപി പ്രവര്‍ത്തകരാണ് 79കാരനായ സ്വാമി അഗ്നിവേശിനെ മര്‍ദ്ദിച്ചതെന്നാണ് കരുതുന്നത്. ജൂലൈ 17ന് ഝാര്‍ഖണ്ഡില്‍ വെച്ച് അഗ്നിവേശിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു.

വാജ്‌പേയിക്ക് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പോയതാണ് താനെന്ന് അഗ്നിവേശ് പറഞ്ഞു. പോലീസ് പിക്കറ്റ് മൂലം കുറച്ചു ദൂരം നടന്നു പോകേണ്ടി വന്നു. പെട്ടെന്ന് ഒരു സംഘം ആളുകള്‍ തന്നെയും ഒപ്പമുണ്ടായിരുന്നവരെയും മര്‍ദ്ദിക്കുകയായിരുന്നു. തന്റെ തലപ്പാവ് അക്രമികള്‍ അഴിച്ചെടുത്തുവെന്നും അസഭ്യം പറയുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് അഗ്നിവേശ് മാധ്യമങ്ങളോട് പറഞ്ഞു.

അഗ്നിവേശിനെ ഒരു സംഘം പിന്തുടര്‍ന്ന് ആക്രമിക്കുന്നതിന്റെ മൊബൈല്‍ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഒരാള്‍ തലപ്പാവ് വലിച്ചഴിക്കുന്നതും ഒരു സ്ത്രീ ചെരുപ്പ് ഉപയോഗിച്ച് മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഝാര്‍ഖണ്ഡില്‍ വെച്ചുണ്ടായ ആക്രമണത്തിനു പിന്നില്‍ ബിജെപിക്ക് പങ്കില്ലെന്നായിരുന്നു സംസ്ഥാനം ഭരിക്കുന്ന ബിജെപി അവകാശപ്പെട്ടത്.