കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ; എഐഎഡിഎംകെ ഇറങ്ങിപ്പോയി

 | 
Stalin
കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ.

ചെന്നൈ: കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷമായ എഐഎഡിഎംകെയും സഖ്യകക്ഷിയായ ബിജെപിയും പ്രമേയത്തില്‍ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിച്ചു. 

കര്‍ഷക നിയമങ്ങളുടെ ദോഷങ്ങള്‍ കണ്ടെത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ ഗുണങ്ങളും പറയേണ്ടതുണ്ടെന്ന് എഐഎഡിഎംകെ ഉപനേതാവ് ഒ പനീര്‍സെല്‍വം പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ടോ എന്നും അതിന് മറുപടി ലഭിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. 

സംസ്ഥാനത്ത് എഐഎഡിഎംകെ അധികാരത്തിലിരിക്കുമ്പോഴാണ് നിയമങ്ങള്‍ നടപ്പാക്കിയതെന്ന് സ്പീക്കര്‍ ദുരൈമുരുകന്‍ പറഞ്ഞു. പ്രമേയത്തെ പ്രതിപക്ഷം പിന്തുണയ്ക്കുന്നുണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലണെന്നും അതിനാല്‍ തീരുമാനമെടുക്കാനാകില്ലെന്നും കര്‍ഷകരുടെ ക്ഷേമത്തിന് തന്റെ പാര്‍ട്ടി പിന്തുണ നല്‍കുമെന്നുമായിരുന്നു പനീര്‍സെല്‍വത്തിന്റെ മറുപടി. 

മറ്റ് ചില സംസ്ഥാനങ്ങള്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നേരത്തെ നിയമസഭാ പ്രമേയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനം അനുസരിച്ചാണ് പ്രമേയമെന്നും മുഖ്യമന്ത്രി അറിയിച്ചതോടെയാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.